കേജരിവാളിന്റെ പേഴ്സണൽ സെക്രട്ടറിയെ പുറത്താക്കി
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനെ അനധികൃത നിയമനം ചൂണ്ടിക്കാട്ടി വിജിലൻസ് പുറത്താക്കി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി 2007 ൽ ഇദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ടാണു വിജിലൻസിന്റെ നടപടി. ബിഭവ് കുമാറിന്റേത് താത്കാലിക നിയമനമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് മതിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും വിജിലൻസ് പറയുന്നു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ടിന് ഇഡി ബിഭവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു.
വിജിലൻസിന്റെ നടപടിക്കെതിരേ ആം ആദ്മി പാർട്ടി നേതാവ് ജാസ്മിൻ ഷാ രംഗത്തുവന്നു. “ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട വ്യാജകേസിൽ ആദ്യം കേജരിവാളിനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള മുഴുവൻ സ്റ്റാഫിനെയും പുറത്താക്കാനുള്ള നടപടിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്’’ -അദ്ദേഹം സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു.
ബിഭവ് കുമാറിനെ നീക്കം ചെയ്യേണ്ടത് അനിവാര്യമായിരുന്നെന്നും അദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമായിരുന്നെന്നും അഴിമതിക്കേസിൽ അദ്ദേഹത്തിനെതിരേ അന്വേഷണം നടക്കുന്നതായും ബിജെപി നേതാവ് കപിൽ മിശ്ര പ്രതികരിച്ചു.
അതേസമയം, ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം ഇഡി നടത്തുന്നതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. വഖബ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് ഇഡി നടപടിക്കൊരുങ്ങുന്നത്.