ആർജെഡി പ്രകടനപത്രിക
Sunday, April 14, 2024 1:02 AM IST
പാറ്റ്ന: ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ആർജെഡി പ്രകടനപത്രിക. ദരിദ്രകുടുംബങ്ങളിലെ ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സഹായധനമാണ് മറ്റൊരു വാഗ്ദാനം.
പാചകവാതക സിലിണ്ടർ 500 രൂപ നിരക്കിൽ നൽകുമെന്നും "പരിവർത്തൻ പത്ര’എന്ന പേരിലുള്ള പ്രകടനപത്രികയിൽ പറയുന്നു. 200 യൂണിറ്റു വരെയുള്ള ഉപഭോക്താക്കൾക്കു സൗജന്യ വൈദ്യുതി, പത്ത് വിളകൾക്ക് താങ്ങുവില, മണ്ഡൽ കമ്മീഷന്റെ അവശേഷിച്ച നിർദേശങ്ങൾ എന്നിവ നടപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.
യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കാനുള്ള പരിപാടികൾക്കാണു മുന്തിയ പരിഗണനയെന്ന് പ്രകടന പത്രിക പുറത്തിറക്കി ആർജെഡി നേതാവ് തേജസ്വി പ്രസാദ് യാദവ് പറഞ്ഞു.
ദേശീയതലത്തിൽ ജാതി സെൻസസ്, പിന്നാക്കക്കാരുടെ സംവരണം ഉറപ്പാക്കാൻ ദേശീയ ജുഡിഷൽ കമ്മീഷൻ എന്നിവയ്ക്കൊപ്പം അഗ്നിവീർ റിക്രൂട്ട്മെന്റ് നിർത്തലാക്കുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനമുണ്ട്.