25 കോടി നൽകാൻ ഫാർമ കന്പനി ഉടമയെ കവിത ഭീഷണിപ്പെടുത്തി: സിബിഐ
Sunday, April 14, 2024 2:10 AM IST
ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് 25 കോടി രൂപ നൽകാൻ അരബിന്ദോ ഫാർമ പ്രമോട്ടർ ശരത് ചന്ദ്ര റെഡ്ഢിയെ ബിആർഎസ് നേതാവ് കെ. കവിത ഭീഷണിപ്പെടുത്തിയതായി സിബിഐ.
ആംആദ്മി പാർട്ടിക്കു പണം നൽകിയില്ലെങ്കിൽ ഡൽഹിയിലെയും തെലുങ്കാനയിലെയും കന്പനിയുടെ ബിസിനസ് തകർക്കുമെന്ന് കവിത പറഞ്ഞതായി സിബിഐ കോടതിയെ അറിയിച്ചു.
ഡൽഹി മദ്യനയക്കേസിലെ പണത്തട്ടിപ്പു കേസിൽ ശരത്ചന്ദ്ര റെഡ്ഢിയും പ്രതിയാണ്. ഇഡിയുടെ കേസിൽ മാപ്പുസാക്ഷിയായ ഇയാൾക്കെതിരേ സിബിഐ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
ഡൽഹി മദ്യനയക്കേസിൽ കവിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് സിബിഐ വെള്ളിയാഴ്ച പ്രത്യേക കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് മൂന്നു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ കവിതയെ കോടതി വിട്ടു.