ഉത്തരേന്ത്യയിൽ ബിജെപി വിയർക്കുമെന്ന് ആഭ്യന്തര സർവേ
Sunday, April 14, 2024 2:10 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: രാമക്ഷേത്രവും ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും വേണ്ടരീതിയിൽ ഉത്തരേന്ത്യയിൽ ബിജെപി പ്രചാരണത്തിനു ഫലം ചെയ്യില്ലെന്ന് സർവേ റിപ്പോർട്ടുകൾ.
രാമക്ഷേത്രം നിർമാണം മധ്യപ്രദേശിൽ ബിജെപിക്ക് മേൽക്കൈ നൽകുമെങ്കിലും വിലക്കയറ്റവും തൊഴിലില്ലായ്മയും തിരിച്ചടി നൽകിയേക്കും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും ലഭിച്ച ഈ സംസ്ഥാനങ്ങളിൽനിന്ന് മൊത്തം 11 സീറ്റ് നഷ്ടപ്പെടാൻ സാധ്യയുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഹരിയാനയിലെ അഞ്ചു സീറ്റിലും രാജസ്ഥാനിലെ ആറു സീറ്റിലും കനത്ത മത്സരമാണു നടക്കുന്നത്. ഹരിയാനയിലെ പത്തു സീറ്റിൽ റോഹ്തക്, സോനിപത്, സിർസ, ഹിസാർ, കർണാൽ മണ്ഡലങ്ങളിലും രാജസ്ഥാനിലെ 25 സീറ്റിൽ ബാർമർ, ചുരു, നാഗൗർ, ദൗസ, ടോങ്ക്, കരൗലി മണ്ഡലങ്ങളിലുമാണ് ബിജെപി തോൽവി ഭയക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി ഈ മണ്ഡലങ്ങൾ നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നത്. രാജസ്ഥാനിലെ ബാമറിൽ കഴിഞ്ഞദിവസം നരേന്ദ്ര മോദി തെരഞ്ഞെടുപ്പു റാലി നടത്തിയിരുന്നു. ബി.ആർ. അംബേദ്കർ വിചാരിച്ചാൽ പോലും ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതാൻ സാധിക്കില്ലെന്ന് മോദി റാലിയിൽ പ്രഖ്യാപിച്ചു.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ ഭരണഘടന മാറ്റിയെഴുതുമെന്ന പ്രചാരണത്തെ മറികടക്കാനായിരുന്നു ഈ പ്രതികരണം. ഇതിനെ സാധൂകരിക്കുംവിധം ആർഎസ്എസ് നേതാവ് രാം മാധവ് ഇന്ത്യൻ എക്സ്പ്രസിൽ അംബേദ്കറെ പുകഴ്ത്തി ലേഖനം എഴുതുകയും ചെയ്തു.
ഹിന്ദു വ്യക്തിനിയമങ്ങൾക്കായി അംബേദ്കർ നൽകിയ നിർദേശത്തെ ലേഖനത്തിൽ പുകഴ്ത്താനും രാം മാധവ് മറന്നില്ല. ദളിത്, ഒബിസി വോട്ടുകൾ തങ്ങൾക്കൊപ്പം ഏതുവിധേനയും നിലനിർത്തുക എന്ന തന്ത്രമാണ് ബിജെപി ഇപ്പോൾ പയറ്റുന്നത്.
ബാമറിലെ ബിജെപി സ്ഥാനാർഥി കൈലാഷ് ചൗധരിയോട് പ്രവർത്തകർക്ക് വലിയ എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. രജപുത്ര വിഭാഗക്കാർക്ക് മുൻതൂക്കമുള്ള മേഖലയാണ് ഇവിടം. ജാട്ട് വിഭാഗത്തിന്റെ പിന്തുണയുള്ള ഹനുമൻ ബേനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി ഇത്തവണ ഇന്ത്യ സഖ്യത്തിനൊപ്പമാണ്. ഇതും ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടുന്നു.
കോണ്ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേർന്നവർക്ക് സീറ്റ് നൽകിയതിൽ പ്രാദേശിക നേതൃത്വത്തിൽ കടുത്ത എതിർപ്പുണ്ട്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും ദളിത് നേതാവുമായിരുന്ന അശോക് തൻവാറാണ് ഹരിയാന സിർസയിൽ ബിജെപിയുടെ സ്ഥാനാർഥി. ഇദ്ദേഹത്തിന്റെ വാഹനത്തിന് നേരേ ബിജെപി പ്രവർത്തകർ കല്ലെറിയുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. എന്നാൽ, ആ വാഹനത്തിൽ തൻവാറില്ലായിരുന്നുവെന്നാണ് ബിജെപിയുടെ ഭാഷ്യം.
ഹരിയാനയിൽ ഒബിസി വിഭാഗക്കാരനായ നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിൽ ജാട്ട് വിഭാഗക്കാർക്ക് കടുത്ത എതിർപ്പുണ്ട്. ഹരിയാനയിലെ വോട്ടിന്റെ മൂന്നിലൊന്ന് ജാട്ട് വിഭാഗക്കാരുടേതാണ്. ബിരേന്ദ്ര സിംഗും മകൻ ബിജേന്ദ്ര സിംഗും പാർട്ടിവിട്ടു കോൺഗ്രസിൽ ചേർന്നതും ബിജെപിക്ക് തിരിച്ചടിയാണ്.
സൈന്യത്തിലേക്ക് കരാർ നിയമനം നടത്തുന്ന അഗ്നിപഥ് പദ്ധതിക്കെതിരേയുള്ള പ്രതിഷേധം ഇരു സംസ്ഥാനങ്ങളിലും ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.
ഹരിയാനയിൽ ജാട്ട് വോട്ടുകൾ ഭിന്നിച്ചാലും ഒബിസി വോട്ടുകൾ ഒപ്പം നിർത്താനാണ് ഈ വിഭാഗക്കാരനായ സൈനിയെ മുഖ്യമന്ത്രിയാക്കിയത്. കർഷകസമരവും തിരിച്ചടിയാകാൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങളുണ്ടെങ്കിലും രണ്ടു വ്യത്യസ്ത സർവേകൾ ബിജെപിക്ക് പ്രതീക്ഷ നൽകുന്നവയല്ല.
ജാതിയും മതവുമൊന്നുമല്ല ജീവിതപ്രശ്നങ്ങളാണു തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയങ്ങളായി ഭൂരിഭാഗം ജനങ്ങളും ചൂണ്ടിക്കാട്ടുന്നതെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന ദ ഹിന്ദു-സിഡിഎസ് സർവേയിൽ വ്യക്തമാക്കുന്നു.