ഭോജ്പുരി സൂപ്പർസ്റ്റാർ പവൻ സിംഗിനെ ബിജെപി പുറത്താക്കി
Thursday, May 23, 2024 1:57 AM IST
പാറ്റ്ന: ബിഹാറിലെ കാരക്കട്ട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഭോജ്പുരി സൂപ്പർസ്റ്റാർ പവൻ സിംഗിനെ ബിജെപി പുറത്താക്കി.
എൻഡിഎ സ്ഥാനാർഥിക്കെതിരേ മത്സരിച്ച് പാർട്ടിയുടെ പ്രതിച്ഛായയ്ക്കു ഹാനി വരുത്തിയെന്നാരോപിച്ചാണ് പവൻ സിംഗിനെ ബിജെപി പുറത്താക്കിയത്. എൻഡിഎ സ്ഥാനാർഥിയായി കാരക്കട്ട് മത്സരിക്കുന്നത് മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയാണ്. രാഷ്ട്രീയ ലോക് മോർച്ച നേതാവാണു കുശ്വാഹ.
പാർട്ടിയിൽനിന്നു പുറത്താക്കിയതിനെക്കുറിച്ച് പ്രതികരിക്കാൻ പവൻ സിംഗ് തയാറായില്ല. കാരക്കട്ട് മണ്ഡലത്തിൽ 25നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നിശ്ചയിച്ചിട്ടുണ്ട്. ഏറെക്കാലമായി ബിജെപിയിൽ പ്രവർത്തിക്കുന്ന പവൻ സിംഗിന് ബംഗാളിലെ അസൻസോൾ മണ്ഡലം ബിജെപി വാഗ്ദാനം ചെയ്തിരുന്നതാണ്.
എന്നാൽ, ബിഹാറിലെ ആര സീറ്റാണ് പവൻ സിംഗ് മോഹിച്ചത്. എന്നാൽ കേന്ദ്രമന്ത്രി ആർ.കെ. സിംഗിനെ ആരയിൽനിന്നു മാറ്റില്ലെന്നു ബിജെപി നേതൃത്വം വ്യക്തമാക്കി. തുടർന്ന് സീറ്റിനായി ആർജെഡി നേതൃത്വത്തെ പവൻ സിംഗ് സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
തുടർന്നാണ് കാരക്കട്ടിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. രജപുത്രനായ പവൻ സിംഗ് ബിജെപി വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്നാണ് ഇന്ത്യാ മുന്നണി സ്ഥാനാർഥി രാജാ റാം അഭിപ്രായപ്പെടുന്നത്.
സിപിഐ (എംഎൽ) ലിബറേഷൻ സ്ഥാനാർഥിയാണ് രാജാ റാം. പവൻ സിംഗിന്റെ പത്രികാ സമർപ്പണത്തിന് വൻ ജനക്കൂട്ടം എത്തിയിരുന്നു.