കോൽക്കത്തയിൽ ചികിത്സയ്ക്കെത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു
Thursday, May 23, 2024 1:57 AM IST
കോൽക്കത്ത/ധാക്ക: ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയെന്നു കരുതുന്ന ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അൻവർ കോൽക്കത്തയിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.
ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രതിനിധിയായ അൻവാറുൾ കഴിഞ്ഞ പന്ത്രണ്ടിനാണ് ചികിത്സയ്ക്കായി കോൽക്കത്തയിൽ എത്തിയത്. പിറ്റേന്നുമുതൽ കാണാതാവുകയായിരുന്നു.
എംപിയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നതിനു വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായി പശ്ചിമബംഗാൾ പോലീസ് രഹസ്യാന്വേഷണവിഭാഗം ഐജി അഖിലേഷ് ചതുർവേദി പറഞ്ഞു.
അൻവാറുൾ അസിം നഗരത്തിൽ എത്തിയതിനെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിരുന്നു. ഇദ്ദേഹത്തെ കാണാനില്ലെന്നുകാണിച്ച് സുഹൃത്ത് ഗോപാൽ ബിശ്വാസ് നൽകിയ പരാതിയെത്തുടർന്നു പ്രത്യേകസംഘത്തെ നിയോഗിക്കുകയായിരുന്നു.
മുൻകൂട്ടി ആസൂത്രണംചെയ്ത രീതിയിൽ കോൽക്കത്തയിലെ ഒരു വസതിയിലാണ് കൊലനടന്നത്. കൊലപാതത്തിന്റെ കാരണവും കൊലപാതകികളുടെ ലക്ഷ്യവും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പന്ത്രണ്ടിനു വൈകുന്നേരം കുടുംബ സുഹൃത്തായ ഗോപാൽ ബിശ്വാസിനെ കാണാൻ എംപി എത്തിയിരുന്നു. ഡോക്ടറെ കാണണമെന്ന് പറഞ്ഞ് പിറ്റേന്ന് ഉച്ചയ്ക്ക് അദ്ദേഹം വീട്ടിൽനിന്ന് പോയതായാണ് ഗോപാൽ ബിശ്വാസ് പറയുന്നത്.
വൈകുന്നേരം തിരിച്ചെത്തുമെന്നു പറഞ്ഞായിരുന്നു യാത്ര. എന്നാൽ വൈകുന്നേരത്തോടെ താൻ ഡൽഹിയിലേക്കു പോവുകയാണെന്ന് അൻവാറുൽ പറഞ്ഞതായി ഗോപാൽ ബിശ്വാസ് വിശദീകരിക്കുന്നു.
ഡൽഹിയിലെത്തിയെന്നും ഒരു വിഐപി സംഘത്തിനൊപ്പമാണെന്നും മേയ് പതിനഞ്ചിന് അൻവാറുൾ അസിം തനിക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചു. ഇതിനിടെ ബംഗ്ലാദേശ് എംപിയുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നുകാണിച്ച് കുടുംബാംഗങ്ങൾ തന്നെ വിളിക്കുകയായിരുന്നു. അന്നുതന്നെ എംപിയുടെ കുടുംബം ധാക്കയിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു-അദ്ദേഹം വ്യക്തമാക്കി.
കോൽക്കത്തയിലെ ന്യൂടൗണ് ഏരിയയ്ക്ക് സമീപമാണ് ഇദ്ദേഹം അവസാനമായി എത്തിയതെന്ന് മൊബൈൽഫോൺ പിന്തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായതായി പശ്ചിമബംഗാൾ പോലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധമുള്ള കുറഞ്ഞതു മൂന്നുപേരെങ്കിലും ബംഗ്ലാദേശിൽ എത്തിയതായും പശ്ചിമബംഗാൾ പോലീസ് സംശയിക്കുന്നു. അതിനിടെ എംപിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേർ ബംഗ്ലാദേശിൽ അറസ്റ്റിലായതായി ബംഗ്ലാദേശ് പോലീസ് സ്ഥിരീകരിച്ചു.