വിനേഷിന്റെ പ്രചാരണം നടക്കുന്ന ഗ്രാമത്തിലെ പ്രധാന ഗലികളിൽ (ഇടവഴികളിൽ) തങ്ങളുടെ ‘മകളെ’ കാണാൻ ആളുകൾ നിറയുന്നു. ഒളിന്പിക്സ് ഫൈനൽ വരെയെത്തിയ ഗ്രാമത്തിന്റെ അഭിമാനത്തെ തലയിൽ കൈവച്ച് അനുഗ്രഹിക്കാൻ മുതിർന്നവരും സ്ത്രീകളും മത്സരിക്കുകയാണ്. വിനേഷിന്റെ തീപ്പൊരി പ്രസംഗം കേൾക്കാനും വോട്ടർമാർക്ക് ആവേശമാണ്. ഗ്രാമങ്ങളിൽ അടുക്കിയടുക്കി പണിതിട്ടുള്ള വീടുകളുടെ മുകളിൽ കയറിനിന്നും വിനേഷിനെ കാണാനായി ആളുകൾ തിരക്കുകൂട്ടുന്നതു കാണാം.
വിനേഷും മറ്റു പാർട്ടികളും തമ്മിലാണു ജുലാനയിൽ മത്സരമെന്നു ഗ്രാമീണരിൽ പലരും പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാർഥി എന്നതിലേറെ, ലോകത്തിന്റെ നെറുകയിലെത്തിയ ഇന്ത്യയുടെ അഭിമാന ഗുസ്തിതാരമാണു വിനേഷ് ഫോഗട്ട് എന്നതാണു ഗ്രാമവാസികൾക്കു പ്രധാനം. പോരാത്തതിന് കർഷകരുടെ മകളായ പോരാളിയാണു വിനേഷെന്ന് ജുലാനയിലെ ജെജെയ് വന്തി ഗ്രാമത്തിലെ ചോളം കർഷകനായ മനോജ് ധലിവാൾ പറഞ്ഞു. ഒളിന്പിക്സിൽ വെറും നൂറു ഗ്രാമിന്റെ പേരിൽ ഫൈനലിൽ അയോഗ്യയാക്കിയ വിനേഷിനെ വിജയിപ്പിക്കേണ്ടതു തങ്ങളുടെ കടമയാണെന്നും മനോജ് കൂട്ടിച്ചേർത്തു.
ജുലാനയുടെ മകളും യുവനേതാവും ജാട്ട് സമുദായത്തിൽപ്പെട്ട മറ്റൊരു ഗുസ്തിതാരം കവിത ദലാലിനെയാണ് എഎപി ഗോദയിലേക്കെത്തിച്ചത്. ലോകമെന്പാടും ആരാധകരുള്ള വിനോദ ഗുസ്തി ഇനമായ വേൾഡ് റസ്ലിംഗ് എന്റർടൈൻമെന്റിൽ (ഡബ്ല്യുഡബ്ല്യുഇ) മത്സരിച്ച ആദ്യ ഇന്ത്യൻ വനിതയാണ് കവിത. ജുലാനയിലെ കർഷകകുടുംബത്തിൽ ജനിച്ച കവിതയെ ‘ജുലാനയുടെ മകൾ’ എന്നു വിശേഷിപ്പിച്ചാണ് എഎപി മത്സരരംഗത്തിറക്കിയത്. കോണ്‍ഗ്രസിന്റെ താരപ്രചാരണത്തിൽനിന്നും വ്യത്യസ്തമാണ് എഎപിയുടെ പ്രചാരണം. ജുലാനയിലെ 72 ഗ്രാമങ്ങളിലെയും ഗ്രാമത്തലവന്മാരുടെയും ഗ്രാമീണരുടെയും യോഗങ്ങളിലും വീടുകൾ കയറിയിറങ്ങിയുമുള്ള പ്രചാരണത്തിലാണ് എഎപിയുടെ ശ്രദ്ധ.
യുവനേതാവിനെ രംഗത്തിറക്കിയാണ് ജുലാനയിൽ ബിജെപി മത്സരം കടുപ്പിക്കുന്നത്. യുവമോർച്ച ഹരിയാന ഘടകം ഉപാധ്യക്ഷനും പിന്നാക്ക വിഭാഗക്കാരനുമായ യോഗേഷ് ഭൈരാഗിയാണു ബിജെപി സ്ഥാനാർഥി. വിശ്വപ്രസിദ്ധിയുള്ള രണ്ടു താരങ്ങൾക്കിടയിൽ യോഗേഷിന്റെ ജനപ്രീതിക്കും കുറവില്ല. മുപ്പത്തഞ്ചുകാരനായ ഭൈരാഗി ഒന്‍പതു വർഷം ആർമിയിൽ ക്യാപ്റ്റനായിരുന്നു. ചെന്നൈ വെള്ളപ്പൊക്കത്തിലും കോവിഡ് മഹാമാരിയിൽ കേന്ദ്ര സർക്കാരിന്റെ ‘വന്ദേ ഭാരത്’ ദൗത്യത്തിലും രക്ഷാപ്രവർത്തനത്തിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്നയാളാണു ഭൈരാഗി.
പിന്നാക്കവിഭാഗത്തിന്റെയും കർഷകരുടെയും പിന്തുണ ലഭിക്കുമെന്ന് ബിജെപി നേതാക്കൾ തറപ്പിച്ചുപറയുന്നു. ബിജെപി സർക്കാർ കർഷകർക്കു നൽകുന്ന പെൻഷനും റേഷനും ആശുപത്രി സൗകര്യങ്ങളുമെല്ലാം വോട്ടാക്കി മാറ്റാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്നാൽ, നീണ്ടുനിന്ന കർഷകസമരം വലിയൊരു വിഭാഗം കർഷക വോട്ടർമാരെ മാറി ചിന്തിപ്പിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഏറ്റവും വലിയ കർഷകവിരുദ്ധ പാർട്ടിയാണു ബിജെപിയെന്ന് കോണ്‍ഗ്രസും എഎപിയും അടക്കമുള്ള പാർട്ടികൾ പ്രചരിപ്പിക്കുന്നുണ്ട്. മോദി തരംഗം പഴയതുപോലെ ഏശില്ലെന്നും ബിജെപി ഇതര പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സിറ്റിംഗ് സീറ്റിൽ വിജയം ആവർത്തിക്കുമെന്ന് ജെജെപി നേതാവും ജുലാന എംഎൽഎയുമായ അമർജീത് ദണ്ഡ തറപ്പിച്ചുപറഞ്ഞു. ജെജെപിയുടെ പത്ത് എംഎൽഎമാരിൽ ഏഴുപേരും പാർട്ടി വിട്ട് ബിജെപിയിലും കോണ്‍ഗ്രസിലും ചേർന്നെങ്കിലും ജുലാനയിൽ ജെജെപിയെയും തന്നെയും വോട്ടർമാർ കൈവിടില്ലെന്നാണു അമർജീതിന്റെ വിശ്വാസം. എന്നാൽ, ബിജെപി സർക്കാരിൽ പങ്കാളിയായിരുന്ന ജെജെപി അഞ്ചു വർഷം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസും എഎപിയും കുറ്റപ്പെടുത്തി.
വിരമിച്ച എക്സൈസ് കമ്മീഷണർ സുരേന്തർ ലാദറിനെയാണ് ഐഎൻഎൽഡി ജുലാനയിൽ മത്സരിപ്പിക്കുന്നത്. കർഷകരുടെ അവകാശങ്ങൾക്കും പ്രാദേശിക വികസനത്തിനും എന്നും ഊന്നൽ നൽകിയിട്ടുള്ള ഐഎൻഎൽഡിക്ക് പഴയ പ്രതാപമില്ലെങ്കിലും കർഷകർക്കിടയിൽ ഇപ്പോഴും ചെറുതല്ലാത്ത സ്വാധീനമുണ്ട്.
സമുദായ കണക്കുകളും കർഷകവോട്ടുകളും മുഖ്യമാണെങ്കിലും സ്ഥാനാർഥികളുടെ വ്യക്തിപ്രഭാവം മുതൽ ഭരണവിരുദ്ധ വികാരം വരെ നിരവധി കാര്യങ്ങളാകും ജുലാനയിൽ വോട്ടർമാരെ സ്വാധീനിക്കുക. ജുലാനയുടെ മനസറിയാൻ പ്രധാന പാർട്ടികളും നേതാക്കളും വോട്ടർമാരും ഒരുപോലെ കാത്തിരിക്കുന്നു.