ടാറ്റായെ നയിക്കാൻ നോയൽ ടാറ്റ
Saturday, October 12, 2024 2:12 AM IST
മുംബൈ: ടാറ്റാ വ്യവസായ സാമ്രാജ്യത്തിന്റെ പുതിയ ചെയര്‍മാനായി രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയെ തെരഞ്ഞെടുത്തു. സര് രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ബോർഡ് യോഗത്തിനുശേഷം ടാറ്റാ ട്രസ്റ്റ് ചെയര്‍മാനായി അറുപത്തേഴുകാരനായ നോയൽ ടാറ്റയെ നിയമിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യന്‍ വ്യവസായത്തിന്റെ മുഖമുദ്ര മാറ്റി, ടാറ്റ എന്ന ബ്രാൻഡിനെ ആഗോളതലത്തില്‍ മുൻനിരയിലെത്തിച്ച രത്തന്‍ ടാറ്റയുടെ പിൻഗാമിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും വിരാമമായി. ബുധനാഴ്ച രാത്രി മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് രത്തൻ ടാറ്റ അന്തരിച്ചത്.
പുതിയ ചെയർമാനായ നോയല്‍ ടാറ്റ രണ്ടായിരത്തിന്റെ തുടക്കത്തിലാണു ടാറ്റാഗ്രൂപ്പിലെത്തുന്നത്. ടാറ്റാ സ്റ്റീല്‍, വാച്ച് കന്പനിയായ ടൈറ്റന് എന്നിവയുടെ വൈസ് ചെയര്‍മാനാണ്.
ടാറ്റാ ഇന്റർനാഷണല്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. 2010 മുതല്‍ 2021 വരെ നോയലിന്റെ ഭരണമികവില്‍ ടാറ്റാ ഗ്രൂപ്പ് വലിയ വളര്‍ച്ച കൈവരിച്ചിരുന്നു.
യുകെയിലെ സസെക്സ് സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തുടർന്ന് ലോകപ്രശസ്ത ബിസിനസ് പഠനസ്ഥാപനമായ ഇന്സീഡില്നിന്ന് ഇന്റർനാഷണല്‍ എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കി.
രത്തന്‍ ടാറ്റയുടെ പിതാവ് നവല്‍ ടാറ്റ രണ്ടാമതു വിവാഹം ചെയ്ത സിമോണ്‍ ടാറ്റയാണ് നോയലിന്റെ അമ്മ. ട്രെന്റ് , വോള്‍ട്ടാസ്, ടാറ്റാ ഇന്‍വെസ്റ്റ്മെന്റ് കോര്പറേഷന്, ടാറ്റാ ഇന്റർനാഷണല്‍ എന്നിവയുടെ അധ്യക്ഷയാണ് സിമോണ്‍ ടാറ്റ.
14 ടാറ്റാ ട്രസ്റ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ടാറ്റാ ട്രസ്റ്റിനെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് നോയലിനുള്ളത്. സര് ദോറാബ്ജി ടാറ്റാ ട്രസ്റ്റ്, സര് രത്തന്‍ ടാറ്റാ ട്രസ്റ്റ് എന്നീ രണ്ടു കമ്പനികള്‍ക്കാണു പ്രധാനമായും ടാറ്റാ സണ്‍സിന്റെ ഉടമസ്ഥാവകാശം.
രത്തന്‍ ടാറ്റയുടെ ഇളയ സഹോദരന് ജിമ്മി ടാറ്റ വ്യവസായകുടുംബത്തിന്റെ ആഡംബരങ്ങളില്നിന്നെല്ലാം ഒഴിവായി ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള രണ്ടുമുറി അപ്പാര്‍ട്ട്മെന്റിലാണു കഴിയുന്നത്.