നർത്തകിയെ മൂന്നു ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു; ഇവന്റ് മാനേജർ അറസ്റ്റിൽ
Monday, October 14, 2024 3:41 AM IST
ആഗ്ര: നർത്തകിയായ യുവതിയെ മൂന്നുദിവസം ഫ്ളാറ്റിൽ ബന്ദിയാക്കി പീഡിപ്പിച്ച കേസിൽ ഇവന്റ് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരനായ വിനയ് ഗുപ്തയാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ ഇരുപത്തിയാറുകാരിയെ ആഗ്രയിൽ ഒരു പരിപാടിയുണ്ടെന്നുപറഞ്ഞു വീട്ടിലേക്കു ക്ഷണിച്ചാണ് പീഡനം.
ഗുപ്തയുടെ വീട്ടിലെത്തിയ തനിക്ക് ഗുപ്തയുടെ ഭാര്യ ചായ നൽകിയതായും അതിൽ മയക്കുമരുന്നു നൽകിയശേഷം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നെന്നുമാണു നർത്തകി പോലീസിൽ നൽകിയ പരാതി. മൂന്നുദിവസം പീഡിപ്പിച്ചശേഷം വേശ്യാവൃത്തിക്കു നിർബന്ധിച്ചതായും കൂടുതൽ പണം സന്പാദിക്കാമെന്നു ഗുപ്ത പറഞ്ഞതായും യുവതി പോലീസിനോടു പറഞ്ഞു.
ഗുപ്തയുടെ വീട്ടിൽനിന്നു രക്ഷപ്പെട്ട യുവതി താജ്ഗഞ്ച് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആഗ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് അറിയിച്ചു.