മോഷ്ടിച്ച കാർ തിരികെയേൽപ്പിച്ച് കള്ളൻ
Tuesday, October 15, 2024 2:06 AM IST
ന്യൂഡൽഹി: നല്ല കള്ളന്മാർ ഇപ്പോഴുമുണ്ടോയെന്ന സംശയം തീർത്ത്, മോഷ്ടിച്ച വാഹനം തിരികെയേൽപ്പിച്ചു മോഷ്ടാക്കൾ.
ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും ക്ഷമിക്കണമെന്നുമുള്ള കുറിപ്പോടെയാണു എസ്യുവി കാർ ഉടമയ്ക്കു തിരികെ നൽകാൻ മനഃസാക്ഷിയുള്ള മോഷ്ടാവ് തന്നെ മുൻകൈയെടുത്തത്.
ഡൽഹിയിൽനിന്നു മോഷ്ടിക്കപ്പെട്ട സ്കോർപിയോ വാഹനം രാജസ്ഥാനിൽനിന്നു തിരിച്ചുകിട്ടിയ ഉടമ നല്ല കള്ളനും വാഹനം തിരികെയെത്തിച്ച പോലീസിനും നന്ദി പറഞ്ഞു.
ജയ്പുർ- ബിക്കാനിർ ഹൈവേയിലെ റോഡരികിലെ ഒരു ഹോട്ടലിനു സമീപം പാർക്കു ചെയ്തിരുന്ന വാഹനത്തിലെ പിൻഗ്ലാസിൽ മൂന്നു കുറിപ്പുകൾ ഒട്ടിച്ചിരുന്നു.
ഡൽഹിയിൽനിന്ന് 450 കിലോമീറ്റർ അകലെയാണു ബിക്കാനിർ. ഒറിജിനൽ നന്പർ പ്ലേറ്റ് നീക്കം ചെയ്തിരുന്ന വാഹനത്തിന്റെ പിന്നിലെ വിൻഡ്സ്ക്രീനിൽ “ഡൽഹിയിലെ പാലം പ്രദേശത്തുനിന്നു മോഷ്ടിച്ചതാണ് ഈ കാർ’’ എന്നൊഴുതിയ കുറിപ്പ് ഒട്ടിച്ചിരുന്നു.
മോഷ്ടിച്ച സ്കോർപിയോ കാറിന്റെ ഡൽഹിയിലെ ശരിയായ രജിസ്ട്രേഷൻ നന്പരും കള്ളൻ കൃത്യമായി എഴുതിയിരുന്നു. “ഈ കാർ ഡൽഹിയിൽ നിന്നു മോഷ്ടിക്കപ്പെട്ടതാണ്. ദയവായി പോലീസിനെ വിളിച്ച് അവരെ അറിയിക്കുക. അടിയന്തരം’’ എന്നും “എന്റെ ഇന്ത്യയെ ഞാൻ സ്നേഹിക്കുന്നു.
ക്ഷമിക്കണം’’എന്നുമുള്ള മറ്റു രണ്ടു കുറിപ്പുകളും ഒപ്പമുണ്ടായിരുന്നു. വെള്ള കടലാസിൽ പേന കൊണ്ടെഴുതിയ കുറിപ്പുകളോടെ സ്കോർപിയോ വാഹനം അനാഥമായി പാർക്കു ചെയ്തതു കണ്ട നാട്ടുകാരാണു പോലീസിൽ വിവരം അറിയിച്ചത്.
രജിസ്ട്രേഷൻ നന്പരും സ്ഥലവും കൃത്യമായി എഴുതിയിരുന്നതിനാൽ ഡൽഹിയിലെ പാലം കോളനിയിലെ വാഹനത്തിന്റെ ഉടമ വിനയ് കുമാറിനെ പോലീസിന് കണ്ടെത്താൻ എളുപ്പമായി.
തന്റെ സ്കോർപിയോ കാർ മോഷണം പോയതായി കഴിഞ്ഞ വ്യാഴാഴ്ച വിനയ് കുമാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങുന്നതിനിടയിലാണു രാജസ്ഥാനിൽനിന്നു വിവരം ലഭിച്ചതെന്നു പോലീസ് അറിയിച്ചു.
വിനയ് കുമാറിനെയും കൂട്ടി ഇന്നലെ ബിക്കാനിറിലെ വാഹനം കിടന്ന ഹൈവേയിലെത്തിയ ഡൽഹി പോലീസിനു രാജസ്ഥാൻ പോലീസ് വാഹനം കൈമാറിയെന്നു നപസർ സ്റ്റേഷനിലെ ഇൻസ്പെക്ടർ ജസ്വീർ സിംഗ് പറഞ്ഞു. വാഹനം കുറ്റകൃത്യത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്.