പ്രതികളുടെ വീടുകൾ തകർത്തതിൽ കോടതിയിൽ മാപ്പു പറഞ്ഞ് മുനിസിപ്പൽ കമ്മീഷണർ
Thursday, April 17, 2025 2:09 AM IST
നാഗ്പുർ: മഹാരാഷ്ട്ര നാഗ്പുരിലെ കലാപക്കേസ് പ്രതികളുടെ വീടുകൾ ഇടിച്ചുനിരത്തിയ നടപടിയിൽ മാപ്പപേക്ഷയുമായി നാഗ്പുർ മുനിസിപ്പൽ കോർപറേഷൻ കമ്മീഷണർ അഭിജിത് ചൗധരി ബോംബെ ഹൈക്കോടതിയിൽ.
ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ നിർദേശങ്ങൾ തങ്ങൾ അറിഞ്ഞില്ലെന്നും മഹാരാഷ്ട്ര സർക്കാർ ഇത് സംബന്ധിക്കുന്ന സർക്കുലർ അയച്ചുനൽകിയില്ലെന്നും ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിനു മുന്പാകെ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൗധരി പറഞ്ഞു.
വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാർ പ്രതികരണം അറിയിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കഴിഞ്ഞ മാസം നാഗ്പുരിന്റെ പല ഭാഗങ്ങളിലും നടന്ന കലാപത്തിൽ പ്രതിയായ ഫഹീം ഖാന്റെ രണ്ടുനില വീട് ഇടിച്ചുനിരത്തിയിരുന്നു.
ഈ നടപടികൾ നിർത്തിവയ്ക്കണമെന്ന് മാർച്ച് 24ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും വീട് തകർത്തുകഴിഞ്ഞിരുന്നു.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ യൂസുഫ് ഷെയ്ഖിന്റെ വീടിന്റെ ചില ഭാഗങ്ങൾ പൊളിക്കുന്നത് അധികൃതർ നിർത്തിവയ്ക്കുകയും ചെയ്തു.