സെൻസെക്സ് @ 38,000
Friday, March 15, 2019 11:11 PM IST
മുംബൈ: ഓഹരിവിപണി വിദേശപണവരവിന്റെ ആവേശത്തിൽ കുതിപ്പു തുടരുന്നു. ഇന്നലെ സെൻസെക്സ് 38,000നു മുകളിൽ ക്ലോസ് ചെയ്തു.
ഇന്നലെ സെൻസെക്സ് 269 പോയിന്റ് (0.71 ശതമാനം) കയറി 38,024.32 പോയിന്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 83.6 പോയിന്റ് (0.74 ശതമാനം) ഉയർന്ന് 11,426.85ൽ അവസാനിച്ചു.
ഈ ആഴ്ചയിൽ സെൻസെക്സ് 3.68 ശതമാനവും നിഫ്റ്റി 3.54 ശതമാനവും കൂടി. ഈ മാസം ഇതുവരെ സെൻസെക്സിൽ 2156.88ഉം നിഫ്റ്റിയിൽ 634.35ഉം പോയിന്റ് വർധനയാണുള്ളത്.
ശക്തമായ കുതിപ്പിനു പറയുന്ന കാരണങ്ങൾ ഇവയാണ് :
1. വിദേശ നിക്ഷേപ പ്രവാഹം വർധിച്ചു. ജനുവരി ഒന്നു മുതൽ മാർച്ച് 14 വരെ 29,000 കോടി രൂപ എത്തി.
2. പൊതുമേഖലാ ബാങ്കുകൾ ലാഭത്തിലാകുന്നു. 2020 മാർച്ചിലവസാനിക്കുന്ന വർഷം പൊതുമേഖലാ ബാങ്കുകളുടെ ലാഭം 23,000 കോടി മുതൽ 37,000 കോടി വരെ രൂപ ആകാം എന്നു റേറ്റിംഗ് ഏജൻസി ഇക്ര പറയുന്നു.
3. കയറ്റുമതി വളർച്ച. ഈ മാർച്ചിലവസാനിക്കുന്നവർഷം 33,000 കോടി ഡോളർ കയറ്റുമതി പ്രതീക്ഷിക്കുന്നു. സംരക്ഷണ വാദം ശക്തമായിരിക്കുന്പോൾ ഇതു നേട്ടമാണ്.
4. രാഷ്ട്രീയ സ്ഥിരത. എൻഡിഎ ഭരണം തിരിച്ചുവരുമെന്നു നിക്ഷേപകസമൂഹം കരുതുന്നു.
ടാറ്റാ ഗ്രൂപ്പിലെ ടൈറ്റൻ കന്പനി ഒരു ലക്ഷം കോടി രൂപയുടെ വിപണിമൂല്യത്തിനടുത്തെത്തി. ഇന്നലെ ടൈറ്റന്റെ ഓഹരിവില 1112 രൂപ വരെ കയറിയെങ്കിലും 1095 രൂപയിൽ ക്ലോസ് ചെയ്തു.