എസ്ബിഐ സർവീസ് ചാർജ് വർധിപ്പിക്കുന്നു
Friday, September 13, 2019 11:46 PM IST
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സർവീസ് ചാർജുകൾ വർധിപ്പിക്കുന്നു. പുതിയ നിരക്ക് ഒക്ടോബർ ഒന്നിനു നടപ്പാക്കും. പ്രതിമാസ ശരാശരി ബാലൻസ് തുക പരിധിയിൽ താഴെയായാലുള്ള പിഴ കൂട്ടി. ഇതോടൊപ്പം നഗരശാഖകളിൽ വേണ്ട പ്രതിമാസ ശരാശരി ബാലൻസ് 5000 രൂപയിൽനിന്നു 3000 രൂപയായി കുറച്ചു. ശരാശരി ബാലൻസ് 50 ശതമാനം കുറവായാൽ പത്തു രൂപയും ജിഎസ്ടിയുമാണു പിഴ. ബാലൻസ് 75 ശതമാനം കുറവായാൽ 15 രൂപയും ജിഎസ്ടിയും നൽകണം.
അർധനഗര ശാഖകളിൽ 2000 രൂപയും ഗ്രാമീണ ശാഖകളിൽ 1000 രൂപയുമാണു വേണ്ട പ്രതിമാസ ശരാശരി ബാലൻസ്. അർധനഗര ശാഖകളിൽ ബാലൻസ് 50 ശതമാനംവരെ കുറവായാൽ 7.5 രൂപയും 50 ശതമാനത്തിലധികം കുറവായാൽ 10 രൂപയും 75 ശതമാനത്തിലധികം കുറവായാൽ 12 രൂപയും പിഴ (ജിഎസ്ടി പുറമേ). ഗ്രാമങ്ങളിൽ യഥാക്രമം അഞ്ചു രൂപ, 7.5 രൂപ, പത്തു രൂപ എന്നിങ്ങനെയാണു പിഴ (ജിഎസ്ടി പുറമേ).
നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ (നെഫ്റ്റ്), റിയൽ ടൈം ഗ്രോസ് സെറ്റിൽമെറ്റ് (ആർടിജിഎസ്) എന്നിവ ഡിജിറ്റലായി നടത്തിയാൽ ഫീസ് ഇല്ല. ശഖകൾ വഴി നടത്തിയാൽ ഫീസ് നല്കണം.