ഗ്രീൻ റിവാർഡ് പോയിന്റ് അവതരിപ്പിച്ച് എസ്ബിഐ
Thursday, October 17, 2019 11:58 PM IST
കൊച്ചി: യോനോ ഉപഭോക്താക്കൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നൂതനമായ ‘ഗ്രീൻ റിവാർഡ് പോയിന്റ്സ്’ അവതരിപ്പിച്ചു. യോനോയിലൂടെ നടത്തുന്ന ഇടപാടുകളിലൂടെ ഗ്രീൻ റിവാർഡ് പോയിന്റുകൾ നേടാം. ഈവിധം നേടുന്ന പോയിന്റുകൾ എസ്ബിഐ ഫൗണ്ടേഷനു കീഴിലുള്ള യോനോ എസ്ബിഐ ഗ്രീൻ ഫണ്ട് ആയി മാറും. വിവിധ പരിപാടികളിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി യോനോ എസ്ബിഐ ഗ്രീൻ ഫണ്ട് ബാങ്ക് ഉപയോഗിക്കും.
മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗിലൂടെ യോനോ വഴി നടത്തുന്ന ഇടപാടുകകളിലൂടെ റിവാർഡ് പോയിന്റുകൾ സ്വന്തമാക്കാം. ഈ പോയിന്റുകൾ യോനോ എസ്ബിഐ ഗ്രീൻഫണ്ടിലേക്കു നൽകുമെന്ന് ഉപഭോക്താവിനു പ്രതിജ്ഞയെടുക്കാം. പോയിന്റുകൾ ഫണ്ടാക്കാൻ സന്നദ്ധരായ ഉപഭോക്താക്കൾക്കു പരിസ്ഥിതി സംരക്ഷണത്തെ പിന്തുണച്ചതിന് അഭിനന്ദനമായി ‘ഗ്രീൻ ഇ-സർട്ടിഫിക്കറ്റ്’ നൽകും. ഉപഭോക്താക്കളുടെ ലാപ്സായ ഗ്രീൻ റിവാർഡ് പോയിന്റുകൾ ഇതിലേക്ക് മാറ്റുന്നത് എസ്ബിഐ അറിയിക്കും. എസ്ബിഐ ഉപഭോക്താക്കൾക്ക് 200 ഗ്രീൻ റിവാർഡ് പോയിന്റുകൾ വരെ ബാങ്കിന്റെ യോഗ്യമായ സേവനങ്ങളിലൂടെ നേടാമെന്നും എസ്ബിഐ ചെയർമാൻ രജ്നീഷ് കുമാർ പറഞ്ഞു.