കൂടുതൽ വിദേശനിക്ഷേപം തേടി ഭാരതി ടെലികോം
Monday, December 9, 2019 11:32 PM IST
മുംബൈ: 4,900 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി തേടി ഭാരതി എയർടെലിന്റെ പ്രമോട്ടറായ ഭാരതി ടെലികോം. സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിംഗ്ടെൽ ഉൾപ്പെടെയുള്ള വിദേശ വന്പന്മാരാണ് ഭാരതി ടെലികോമിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ ഭാരതി ടെലികോമിലെ 50 ശതമാനത്തിലധികം ഓഹരികൾ വിദേശ കന്പനികളുടെ കൈയിലാകും.
ഇതോടെ രാജ്യത്തെ ഏറ്റവും പഴക്കംചെന്ന സ്വകാര്യ ടെലികോം ഓപ്പറേറ്ററായ എയർടെൽ വിദേശ കന്പനിയായി മാറുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ സുനിൽ ഭാരതി മിത്തലിനും കുടുംബത്തിനും ഭാരതി ടെലികോമിൽ 52 ശതമാനം ഓഹരികളാണുള്ളത്. ഭാരതി എയർടെലിൽ 41 ശതമാനം ഓഹരികളാണ് ഭാരതി ടെലികോമിന്റേതായുള്ളത്. ഇതിനു പുറമേ വിദേശ പ്രമോട്ടർമാർക്ക് 21.46 ശതമാനം ഓഹരികളും പൊതു ഓഹരിഉടമകളുടെ കൈവശം 37 ശതമാനം ഓഹരികളുമുണ്ട്.
വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി തേടി എയർടെൽ ഈ വർഷം ആദ്യം സമർപ്പിച്ച അപേക്ഷ ടെലികോം മന്ത്രാലയം തള്ളിയിരുന്നു.