കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ നിർമല സീതാരാമനും
Saturday, December 14, 2019 12:16 AM IST
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും കരുത്തരായ 100 സ്ത്രീകളുടെ പട്ടികയിൽ 34-ാം സ്ഥാനത്ത് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ. എച്ച്സിഎൽ കോർപറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോഷ്നി നാടാർ മൽഹോത്രയും (54-ാം റാങ്ക്) ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷോയും (65-ാമത്) ആണു പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. ഫോബ്സ് ബിസിനസ് മാസികയാണു പട്ടിക തയാറാക്കിയത്.
ജർമൻ ചാൻസലർ ആംഗല മെർക്കൽ തുടർച്ചയായ ഒൻപതാം വർഷവും പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായി. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ പല കാര്യങ്ങളിലും എതിർത്തുനിന്ന മെർക്കൽ സിറിയയിൽ നിന്നുള്ള ഒരു കോടിയിലേറെ അഭയാർഥികളെ ജർമനിയിലേക്കു സ്വീകരിച്ചിരുന്നു. 65 വയസുള്ള മെർക്കൽ ഇപ്പോഴത്തെ കാലാവധി കഴിഞ്ഞാൽ ഭരണ നേതൃത്വത്തിൽനിന്നു പിന്മാറുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടാംസ്ഥാനത്തു യൂറോപ്യൻ കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡും മൂന്നാമതു യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുമാണ്.
ബിൽഗേറ്റ്സിന്റെ ഭാര്യയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സഹ അധ്യക്ഷയുമായ മെലിൻഡ ഗേറ്റ്സ് (ആറാം സ്ഥാനം) ഐബിഎം സിഇഒ ജിന്നി റൊമേറ്റി (9), ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൽ സൻഡ് ബെർഗ് (18), ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ദ ആർഡേൺ (38) ഡോണൾഡ് ട്രംപിന്റെ പുത്രി ഇവാങ്ക ട്രംപ് (42) പരിസ്ഥിതി പ്രവർത്തകയായ വിദ്യാർഥിനി ഗെറ്റാ തുൻബെർഗ് (100) എന്നിവരും പട്ടികയിലുണ്ട്.
എച്ച്സിഎൽ എന്ന ഐടി കംപ്യൂട്ടർ സ്ഥാപനത്തിന്റെ സ്ഥാപകൻ ശിവ് നാടാരുടെ മകളാണു രോഷ്നി നാടാർ എന്ന മുപ്പത്തേഴുകാരി. ബയോകോൺ എന്ന ബയോടെക്നോളജി സ്ഥാപനം തുടങ്ങി അതിനെ ഔഷധ മേഖലയിലും ഗവേഷണത്തിലും വലിയ ശക്തിയാക്കിയവരാണ് 66 വയസുള്ള കിരൺ.