മൊറട്ടോറിയം: ബാങ്കുകൾക്ക് ലാഭം
Saturday, April 4, 2020 12:02 AM IST
വൈക്കം: റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം വഴി വായ്പ എടുത്തവർക്കു നേട്ടമല്ല നഷ്ടമാണുണ്ടാകുകയെന്നു ധനകാര്യ വിദഗ്ധർ. 10 ലക്ഷം രൂപയുടെ വായ്പ ഒൻപതു ശതമാനം പലിശക്ക് 20 കൊല്ലത്തേക്കു പ്രതിമാസം മുതലും പലിശയുമടക്കം 9000 രൂപ അടക്കുന്ന ആൾക്ക് മൂന്നു മാസം വായ്പ തുക അടച്ചില്ലെങ്കിൽ 27,000 രൂപ മുതലിലേക്കു കൂട്ടിച്ചേർക്കപ്പെടും.
ജൂലൈ മുതൽ അതിന്റെ പലിശ അടയ്ക്കാൻ അയാൾ ബാധ്യസ്ഥനാകും. അപ്പോൾ 20 വർഷ കാലാവധിയുള്ള വായ്പ 21 വർഷമായി നീളും. ഈ മൂന്നു മാസം അടച്ചില്ലെങ്കിൽ വായ്പക്കാർക്കുണ്ടാകുന്ന ആകെ ലാഭം അവരുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കില്ലെന്നു മാത്രമാണെന്നും ബാങ്കിംഗ് കണ്‍സൾട്ടന്റുമാരായ റോബർട്ട് തോട്ടുപുറം, രഞ്ജുരാജൻ എന്നിവർ ചൂണ്ടിക്കാട്ടി.