ഏലക്കാ ലേലം നാളെ പുനരാരംഭിക്കും
Tuesday, May 26, 2020 11:55 PM IST
കട്ടപ്പന: ഏലക്കാ ഓണ്‍ലൈൻ ലേലം മാനദണ്ഡങ്ങൾ പാലിച്ച് പുനരാരംഭിക്കാൻ സ്പൈസസ് ബോർഡ് അനുമതി നൽകി. കേരളത്തിലെയും തമിഴ്നാട്ടിലെയും ലേലകേന്ദ്രങ്ങളിൽ നാളെ മുതൽ ഏലക്കാ ലേലം പുനരാരംഭിക്കാനാണ് സ്പൈസസ് ബോർഡ് അനുമതി നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് ലേലകേന്ദ്രങ്ങൾക്കും ഏജൻസികൾക്കും നൽകി.പുറ്റടിയിലെ സ്പൈസസ് പാർക്കിൽ രാവിലെ 10-ന് കെസിപിഎംസി ലേലത്തോടെയാണ് ഇ - ലേലം പുനരാരംഭിക്കുന്നത്. വൈകുന്നേരം നാലുവരെയാണു സമയം.
ഏലക്കാ ലേലം നിർത്തിവച്ചത് കർഷകർക്കും ചെറുകിട വ്യാപാരികൾക്കും കനത്ത നഷ്ടമുണ്ടാക്കുന്നുവെന്നു കാണിച്ച് ലേലകേന്ദ്രങ്ങളും ജില്ലാ കളക്ടർക്കു പരാതി നൽകിയിരുന്നു.
50 പേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടരുത്, ആളുകൾ തമ്മിൽ ഒരുമീറ്റർ അകലം പാലിക്കണം, ആരോഗ്യസുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഹാൻഡ് വാഷ്, മാസ്ക് തുടങ്ങിയവ ലഭ്യമാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ലേലം തുടരാൻ അനുമതി നൽകിയത്.