മുതിർന്ന പൗരന്മാർക്കായി പ്രധാൻമന്ത്രി വയ വന്ദന യോജന
Tuesday, May 26, 2020 11:55 PM IST
മുംബൈ: 60 വയസ് തികഞ്ഞ മുതിർന്ന പൗരന്മാർക്കായുള്ള എൽഐസിയുടെ പെൻഷൻ പദ്ധതി പ്രധാൻമന്ത്രി വയ വന്ദന യോചനയുടെ പരിഷ്കരിച്ച പതിപ്പിനു(2020) തുടക്കമായി. കേന്ദ്രസർക്കാരിൽനിന്നുള്ള സബ്സിഡിയോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ കാലാവധി 10 വർഷമാണ്. പോളിസികൾ ഓണ്‍ലൈൻ ആയോ ഓഫ്ലൈൻ ആയോ വാങ്ങാം.
പെൻഷൻ, പ്രതിമാസമായോ മൂന്നു മാസം കൂടുന്പോഴോ ആറുമാസം കൂടുന്പോഴോ വർഷത്തിലൊരിക്കലോ ആയി കൈപ്പറ്റാം. പ്രതിമാസ പെൻഷൻ ലഭിക്കുന്നതിനുള്ള പോളിസിയുടെ ഏറ്റവും കുറഞ്ഞ വില 1,62,162 രൂപയാണ്. വാര്‍ഷിക പെൻഷൻ കിട്ടാന്‍ 1,56,658 രൂപ മതി. പദ്ധതി പ്രകാരം ലഭിക്കുന്ന ഏറ്റവും കൂടിയ പെൻഷൻ തുക 9250 രൂപ(പ്രതിമാസം) 27,750(മൂന്നുമാസം കൂടുന്പോൾ), 55,500( ആറു മാസം കൂടുന്പോൾ), 1,11,000( പ്രതിവർഷം) എന്നിങ്ങനെയാണ്. പോളിസി ആരംഭിച്ച് മൂന്നു വർഷത്തിനുശേഷം പോളിസി തുകയുടെ 75 ശതമാനം വരെ വായ്പയെടുക്കാനും അനുവാദമുണ്ട്.
പോളിസി ഉടമയുടെയോ ജീവിതപങ്കാളിയുടെയോ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി കാലാവധി അവസാനിക്കുംമുന്‍പേ തുക പിൻവലിക്കാനുമാകും.