ശമനമില്ലാതെ ചില്ലറ വിലക്കയറ്റം; 7.34 ശതമാനം
Monday, October 12, 2020 10:42 PM IST
മുംബൈ: രാജ്യത്തെ ചില്ലറ വിലക്കയറ്റം കുതിക്കുന്നു. ഉപഭോക്തൃ വില സൂചിക (സിപിഎെ) അടിസ്ഥാനമാക്കിയുള്ള സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റത്തിൽ 7.34 ശതമാനമാണു വർധന. കഴിഞ്ഞ എട്ടുമാസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ വിലക്കയറ്റ നിലയാണിത്. ഓഗസ്റ്റിൽ 6.69 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കുതിപ്പാണു ചില്ലറ വിലക്കയറ്റസൂചികയെ പ്രധാനമായും മുന്നോട്ടു നയിച്ചത്. 10.68 ശതമാനമാണു സെപ്റ്റംബറിലെ ഭക്ഷ്യോത്പന്ന വിലക്കയറ്റം. ഓഗസ്റ്റിൽ ഇത് 9.05 ശതമാനമായിരുന്നു.
രാജ്യത്തെ വിപണനശൃംഖല കോവിഡിനു മുന്പുള്ള സാധാരണ നിലയിലേക്ക് എത്താത്തതാണു വിലക്കയറ്റത്തിനു ശമനമില്ലാത്തതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. നടപ്പു സാന്പത്തിക വർഷത്തിലെ അവസാന പാദം വരെ വിലക്കയറ്റം ഉയർന്നുതന്നെയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന ധനനയസമിതിയോഗത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു.