വെബ്സൈറ്റ് ഇല്ല; ആയുർവേദ പരസ്യത്തിന് അനുമതി മുടങ്ങുന്നു
Tuesday, October 20, 2020 11:07 PM IST
തിരുവനന്തപുരം: സംസ്ഥാന ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളർ ഓഫീസിന് വെബ്സൈറ്റും സോഫ്റ്റ്വേറും നിർമിക്കുന്നതിന് സർക്കാർ അനുവദിച്ച തുകയിൽ ഒന്നരലക്ഷം രൂപ കുറവുള്ളതിനാൽ പരസ്യ ദാതാക്കളുടെ യുണീക് ഐഡി നന്പർ പ്രസിദ്ധീകരിക്കുന്നതിനുള്ള വെബ്സൈറ്റും സോഫ്റ്റ്വേറും തയാറാക്കാത്തതിന്റെ പേരിൽ സംസ്ഥാനത്ത് ആയുർവേദ പരസ്യം നൽകുന്നത് മുടങ്ങുന്നു.
വെബ്സൈറ്റും സോഫ്റ്റ് വേറും നിർമിക്കാൻ കേന്ദ്ര ഫണ്ടിൽ നിന്ന് ഏഴര ലക്ഷം രൂപ അനുവദിച്ചു. സി ഡിറ്റ് ഇതിലേക്കായി ടെൻഡർ സമർപ്പിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ ഇതിലേക്കായി ആറരലക്ഷം രൂപയാണ് അനുവദിച്ചത്. ടെൻഡർ പ്രകാരം സിഡിറ്റിന് നൽകാൻ ഇനിയും ഒന്നര ലക്ഷം രൂപകൂടി വേണം. സംസ്ഥാനത്തെ ഫാർമസി ഉടമകൾക്ക് പരിശീലനം നൽകാനായി അനുവദിച്ച രണ്ടു ലക്ഷം രൂപ ഡ്രഗ്സ് വകുപ്പിന്റെ അക്കൗണ്ടിലുള്ളപ്പോഴാണ് പണം ഇല്ലെന്ന പേരിൽ നടപടികൾ മുടക്കുന്നത്. കൈയിൽ പണം വച്ചുകൊണ്ട് സാങ്കേതിക വിഷയത്തിന്റെ പേരിൽ ആയുർവേദ ഫാർമസികൾ പരസ്യം നൽകുന്നതിനെ തടയുന്നതായി ഫാർമസി ഉടമകൾ ആരോപിക്കുന്നു.
രാജ്യത്തെ ആയുർവേദ ഫാർമസികൾ പരസ്യം നൽകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര ആയുഷ് മന്ത്രാലയം 2018 ഡിസംബർ 21-നാണ് റൂൾ 170 നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും ആക്ഷേപങ്ങൾ ക്ഷണിക്കുകയും ചെയ്തത്. നോട്ടിഫിക്കേഷൻ വന്നതിനു പിന്നാലെ സംസ്ഥാന ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളർ കേരളത്തിലെ ആയുർവേദ ഫാർമസികൾ പരസ്യം നൽകുന്നതിന് വിലക്കേർപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കാത്ത നിയമം കേരളത്തിലെ ഫാർമസികളുടെ മേൽ അടിച്ചേല്പിക്കുന്നതായി ആരോപിച്ച് ആദ്യം 10 ഉം പിന്നീട് 13 ഉം ഫാർമസികൾ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങുകയും പത്രങ്ങൾക്കും ടിവി ചാനലുകൾക്കും പരസ്യം നൽകുകയും ചെയ്യുകയാണ്.
അതേസമയം, കേസിനു പോകാത്ത ഫാർമസി ഉടമകൾക്ക് പരസ്യം നൽകുന്നതിനുള്ള വിലക്ക് തുടരുകയും ചെയ്യുന്നതായി ഫാർമസി ഉടമകൾ ആരോപിക്കുന്നു.
വൈ.എസ്. ജയകുമാർ