മുഹൂർത്ത വ്യാപാരം നേട്ടത്തിൽ
Saturday, November 14, 2020 11:46 PM IST
മുംബൈ: ഹിന്ദു കലണ്ടർപ്രകാരമുള്ള പുതുവർഷം-സംവത് 2077ന്റെ ആദ്യ ദിനത്തിലെ മുഹൂർത്ത വ്യാപാരത്തിൽ ഓഹരിവിപണിക്കു നേട്ടം. സെൻസെക്സ് 195 പോയിന്റ് കയറി റിക്കാർഡ് ക്ലോസിംഗ് നിരക്കായ 43,638ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വ്യാപാരത്തിനിടെ സെൻസെക്സ് 350 പോയിന്റിലേറെ ഉയർന്ന് സർവകാല റിക്കാർഡായ 43,830.93ലെത്തിയിരുന്നു.
നിഫ്റ്റിയും റിക്കാർഡ് പുതുക്കി. വ്യാപാരത്തിനിടെ റിക്കാർഡായ 12,800 കടന്നശേഷം 60.3 പോയിന്റ് കയറി 12780.25ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ 6.15 മുതൽ 7.15 വരെയായിരുന്നു മുഹൂർത്ത വ്യാപാരം.
ബജാജ് ഫിൻസർവ്, ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ. എൽ ആൻഡ് ടി, ഐടിസി തുടങ്ങിയവയാണ് സെൻസെക്സ് നിരയിൽ പ്രധാനമായും നേട്ടമുണ്ടാക്കിയ കന്പനികൾ.
പുതു വർഷത്തിലെ മുഹൂർത്ത വ്യാപാരത്തിലുണ്ടാകുന്ന നേട്ടം ഓഹരിവിപണിയിൽ വർഷം മുഴുവൻ നിലനിൽക്കുമെന്ന വിശ്വാസമുള്ളതിനാൽ നിക്ഷേപകർ സന്തോഷത്തിലാണ്. വലിയ കയറ്റിറക്കങ്ങളുണ്ടായിരുന്നെങ്കിലും പോയ വർഷത്തിന്റെ (സംവത് 2076) അവസാനനാളുകളിൽ ഓഹരിവിപണി നഷ്ടങ്ങളെല്ലാംതന്നെ നികത്തിയിരുന്നു. ദീപാവലി ബലിപ്രതിപദ പ്രമാണിച്ച് നാളെ ഓഹരിവിപണിക്ക് അവധിയാണ്.