പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ടുപോകും: വാട്സ്ആപ്പ്
Saturday, February 20, 2021 12:20 AM IST
മുംബൈ: പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ടുപോകുമെന്നും ഇതു സംബന്ധിച്ച് ഉപയോക്താക്കൾക്കു കൂടുതൽ വ്യക്തത നൽകാൻ കൂടുതൽ ക്രമീകരണങ്ങൾ ചെയ്യുമെന്നും വാട്സ്ആപ്പ്. പരിഷ്കരിച്ച സ്വകാര്യതാ നയം എന്താണെന്നു വ്യക്തമാക്കുന്ന ബാനറുകൾ വരുന്ന ആഴ്ചകളിൽ ആപ്പിനുള്ളിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നും കന്പനി അറിയിച്ചു.
വാട്സ്ആപ്പിന്റെ പുതിയ നയത്തിനെതിരേ വിമർശനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണു കന്പനിയുടെ പ്രതികരണം. ഇന്ത്യൻ ഉപയോക്താക്കളുടെ ചാറ്റുകളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും വാട്സ്ആപ്പ് കേന്ദ്രസർക്കാരിനു നൽകിയ വിശദീകരണത്തിൽ പറയുന്നു. നിലവിൽ മേയ് 15 വരെയാണ് വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നതിനുള്ള സമയപരിധി.
ഇതിനുശേഷം പുതിയ വ്യവസ്ഥകൾ ആംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കില്ല.
എന്നാൽ കോളുകൾ സ്വീകരിക്കുന്നതിനും നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നതിനും തടസമുണ്ടാകില്ലെന്നു കന്പനി അറിയിച്ചു.