കൂടുതൽ മേഖലകളില് പിഎല്ഐ പദ്ധതി
Thursday, February 25, 2021 12:13 AM IST
മുംബൈ: ഐടി ഹാർഡ്വേർ ഉത്പന്നങ്ങൾക്കുള്ള ഉത്പാദനാധിഷ്ഠിത പ്രത്സാഹന പദ്ധതിക്കു(പിഎൽഎെ) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. തദ്ദേശീയ നിർമാണ പ്രവർത്തനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ നാലു വർഷത്തെ നടത്തിപ്പിനായി ഏകദേശം 7350 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, പഴ്സണൽ കംപ്യൂട്ടറുകൾ, സെർവറുകൾ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമാണം പദ്ധതിക്കു കീഴിൽ വരും.
രാജ്യത്തെ ഐടി ഹാർഡ്വേർ നിർമാണ രംഗത്തുള്ള ആഗോള കന്പനികൾക്കും തദ്ദേശീയ കന്പനികൾക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. അടുത്ത നാലു വർഷംകൊണ്ട് ഐടി ഹാർഡ്വേർ ഉത്പാദനം 3.26 ലക്ഷം കോടിയായി ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്.കൂടാതെ ഈ മേഖലയിൽ 2700 കോടി രൂപയുടെ അധിക നിക്ഷേപവും കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നു.
കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ വിവിധ മേഖലകളിൽ നടപ്പാക്കിയ പിഎൽഎെ പദ്ധതികളിലൂടെ 35,000 കോടി രൂപയുടെ ഉത്പാദനമുണ്ടായെന്നും 1300 കോടി രൂപയുടെ അധിക നിക്ഷേപം സമാഹരിക്കാനായെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിൽ ടെലികോം- നെറ്റ്വർക്കിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിനും കേന്ദ്രസർക്കാർ പിഎൽഎെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
മരുന്നു നിർമാണ മേഖലയിലും
രാജ്യത്തെ മരുന്നു നിർമാണമേഖലയ്ക്കുള്ള പിഎൽഎെ പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിയിലൂടെ 15,000 കോടി രൂപയുടെ അധിക നിക്ഷേപമാണു മരുന്നു നിർമാണ മേഖലയിൽ കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനുപുറമേ പദ്ധതിയിലൂടെ, അടുത്ത ആറുവർഷം കൊണ്ട് 1.96 ലക്ഷം കോടിയുടെ അധിക കയറ്റുമതിയും 2.94 ലക്ഷം കോടിയുടെ അധികവില്പനയും കേന്ദ്രസർക്കാർ കണക്കൂകൂട്ടുന്നു.
നിലവിൽ രാജ്യത്തെ മരുന്നു നിർമാണത്തിനുളള രാസസംയുക്തങ്ങളിൽ ഏറിയ പങ്കും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. പിഎൽഎെ പദ്ധതിയിലൂടെ രാസ സംയുക്തങ്ങളുടെയും മരുന്നുകളുടെയും തദ്ദേശീയ നിർമാണം ഗണ്യമായി വർധിപ്പിക്കാനാകുമെന്നാണു വിലയിരുത്തൽ.