500 കോടിയുടെ പദ്ധതിക്കു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് മൈജി സിഎംഡി
Wednesday, July 14, 2021 12:04 AM IST
കോഴിക്കോട്: അഞ്ഞൂറുകോടി രൂപ മുടക്കി കേരളത്തിൽ നടപ്പിലാക്കുന്ന ഗൃഹോപകരണങ്ങളുടെ ഷോറൂം ശൃഖലയ്ക്ക് അധികൃതരുടെ ഭാഗത്തുനിന്നു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഷോറൂം ശൃഖലയിൽ ഒന്നായ മൈജിയുടെ സിഎംഡി എ.കെ. ഷാജി.
കേരളത്തിലെ അൻപതിടത്തു തുടങ്ങാൻ തീരുമാനിച്ച പദ്ധതിക്കാണ് തുടക്കത്തിലെ തിരിച്ചടിയേറ്റത്. തൃശൂരിൽ ആദ്യ ഷോറൂം തുറന്നിട്ടുണ്ട്. എന്നാൽ തുടർന്നുള്ള ഷോറൂമുകൾ തുറക്കാനാവശ്യമായ പിന്തുണയാണു ലഭിക്കാതെ പോകുന്നത്. വ്യാവസായിക സൗഹൃദമാകാനുള്ള നമ്മുടെ ശ്രമത്തിനുനേരേ അധികൃതരിൽ ചിലർ പുറംതിരിഞ്ഞുനിൽക്കുന്നതായും ഷാജി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടാൻ ഗ്രേറ്റർ മലബാർ ഇനീഷേറ്റീവ് കാലിക്കട്ട് പ്രസ് ക്ലബിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിനിടെയായിരുന്നു ഷാജിയുടെ പരാമർശം.
കിറ്റെക്സ് എംഡി സാബു ജേക്കബിനെപോലെ മൈജിയുടെ പദ്ധതിയും കേരളം വിടുമോ എന്ന ചോദ്യത്തിന്, കേരളത്തിൽ കൂടുതൽ പേർക്ക് തൊഴിലവസരം സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഷാജി പറഞ്ഞു.