ഫെഡറല്‍ ബാങ്കിന് 541 കോടി രൂപ അറ്റാദായം
Saturday, May 7, 2022 2:31 AM IST
കൊച്ചി: 2022 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് 540.54 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. ഏതെങ്കിലും ഒരു പാദത്തില്‍ ബാങ്ക് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന അറ്റാദായമാണിത്. മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് വർധന 13 ശതമാനമാണ്. 798.20 കോടി രൂപയാണു പ്രവര്‍ത്തന ലാഭം. അറ്റ പലിശ വരുമാനം 7.38 ശതമാനം വര്‍ധിച്ച് 1525.21 കോടി രൂപയായി.
നാലാം പാദത്തില്‍ മൊത്തം ബിസിനസ് 7.10 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 3,29,340.02 കോടിയിലും നിക്ഷേപങ്ങള്‍ 5.25 ശതമാനം വളര്‍ച്ചയോടെ 1,81,700.57 കോടിയിലുമെത്തി. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 67,121.21 കോടി രൂപയിലെത്തി. ആകെ നിഷ്ക്രിയ ആസ്തി 4,136.74 കോടിയും അറ്റ നിഷ്ക്രിയ ആസ്തി 1,392.62 കോടിയുമാണ്. ബാങ്കിന് ഇന്ത്യയിൽ 1,282 ശാഖകളും 1,885 എടിഎമ്മുകളുമാണുള്ളത്.
പ്രതികൂലമായ വിപണി സാഹചര്യത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബാങ്ക് ഇപ്പോള്‍ സുസ്ഥിരമായ വളര്‍ച്ചാ പാതയിലാണു മുന്നേറുന്നതെന്നു ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു.