കുതിച്ചുയർന്ന് ഓഹരി വിപണി
Tuesday, June 21, 2022 11:09 PM IST
മുംബൈ: കഴിഞ്ഞ ആഴ്ചയിലെ വൻ തകർച്ചയിൽനിന്നു കരുത്തോടെ തിരിച്ചുകയറി ഓഹരിവിപണി. ബിഎസ്ഇ സെൻസെക്സ് 934 പോയിന്റ് ഉയർന്ന് 52,532ലും എൻഎസ്ഇ നിഫ്റ്റി 289 പോയിന്റ് നേട്ടത്തോടെ 15,639ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
വ്യാപാരവേളയിൽ സെൻസെക്സ് 1200 പോയിന്റുവരെ ഉയർന്നിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യൻ ഓഹരിവിപണി മുന്നേറുന്നത്.
ടൈറ്റൻ, എസ്ബിഎെ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഢീസ്, ടാറ്റാ സ്റ്റീൽ എന്നീ ഓഹരികളാണ് ഇന്നലെ കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം, നെസ്ലെ പിന്നോട്ടുപോയി.
ആഗോള വിപണികളിലുണ്ടായ മുന്നേറ്റത്തിന്റെ തുടർച്ചയാണ് ഇന്നലെ ഇന്ത്യൻ ഓഹരിവിപണിയിലും പ്രകടമായത്.
മാന്ദ്യം അനിവാര്യമല്ലെന്ന യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലെൻസിന്റെ പ്രസ്താവനയാണ് നിക്ഷേപരുടെ ആത്മവിശ്വാസമുയർത്തിയത്.