സ്വർണവില കുതിച്ചുയർന്നു; പിന്നെ താഴ്ന്നു
Friday, July 1, 2022 11:06 PM IST
കൊച്ചി: സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതോടെ സംസ്ഥാനത്ത് ഇന്നലെ രണ്ടു തവണ സ്വർണവില പരിഷ്കരിച്ചു. രാവിലെ വൻവർധന രേഖപ്പെടുത്തിയ സ്വർണവില ഉച്ചയോടെ ഇടിഞ്ഞു.
രാവിലെ ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായിരുന്നു. ഉച്ചയ്ക്കുശേഷം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമാണ് നിലവിലെ വില.
ഇറക്കുമതി തീരുവ വർധനയോടെ ഒരു കിലോ സ്വർണത്തിന് 2.5 ലക്ഷം രൂപ വരെ വില ഉയർന്നേക്കും.
ഇറക്കുമതി ചുങ്കം വർധിച്ചത് ആഭ്യന്തര വിപണിയിൽ ഉപയോക്താക്കൾക്ക് ഇരുട്ടടിയാകുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൾ നാസർ പറഞ്ഞു. കള്ളക്കടത്തുകാർ ഇതുവഴി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.