നേട്ടമുണ്ടാക്കി സൂചികകൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, May 29, 2023 12:11 AM IST
തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ വരവ് ആഘോഷമാക്കാമെന്ന പ്രതീക്ഷകൾക്ക് നിറം പകർന്ന് നിഫ്റ്റി ജൂൺ സീരീസിന് തുടക്കംകുറിച്ചു. ശക്തമായ ബയിംഗിന് ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങൾ സംഘടിതമായി രംഗത്തിറങ്ങിയത് ജൂണിൽ നിഫ്റ്റിയെ 18,888 പോയിന്റെന്ന റിക്കാർഡ് പ്രകടനത്തിനുള്ള അടിത്തറയൊരുക്കുകയാണ്.
പിന്നിട്ടവാരം ഒന്നര ശതമാനം മുന്നേറിയ നിഫ്റ്റി മൊത്തം 281 പോയിന്റ് വർധിച്ചപ്പോൾ ബോംബെ സെൻസെക്സ് ബോയിംഗ് കണക്കെ 737 പോയിന്റ് പറന്നുയർന്നു. നിഫ്റ്റി മേയ് സീരീസ് സെറ്റിൽമെന്റ് വേളയിലെ ഷോട്ട് കവറിംഗ് വിപണിക്ക് പുത്തൻ ഉണർവ് പകർന്നങ്കിലും ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ ടെക്നിക്കൽ ഇൻഡിക്കേറ്റുകൾ പലതും ഓവർ ബ്രോട്ടായത് തിരുത്തൽ സാധ്യതകൾക്ക് ശക്തിപകരുന്നു. തൊട്ട് മുൻവാരം 18,450ന് മുകളിൽ ഇടം പിടിക്കാൻ ക്ലേശിച്ച നിഫ്റ്റിയെ ഫണ്ട് ബയിംഗിൽ 18,203ൽ നിന്നും തിങ്കളാഴ്ച്ച ഉയർത്തിയെടുത്തു. ആഭ്യന്തര വിദേശ ഫണ്ടുകൾ സംയുക്തമായി നടത്തിയ വാങ്ങലുകൾ കണ്ട് പ്രാദേശിക നിക്ഷേപകരും വിപണിയിൽ അണിനിരന്നതോടെ സൂചിക 18,508 വരെ മുന്നേറിയെങ്കിലും വാരാന്ത്യം നിഫ്റ്റി 18,499 ലാണ്.
വീക്കിലി ചാർട്ട് പരിശോധിച്ചാൽ വൻ കടന്പയ്ക്ക് മുന്നിലാണ് സൂചിക. അതായത് ഈ പ്രതിരോധം തകർക്കാനായാൽ ജൂണിൽ നിഫ്റ്റി സർവകാല റിക്കാർഡ് പ്രകടനത്തിനൊരുങ്ങും. അതായത് 18,888 പോയിന്റിന് മുകളിൽ ഇടം കണ്ടെത്തും. ഡെയ്ലി ചാർട്ട് പരിശോധിച്ചാൽ ഈ വാരം 18,298ലെ സപ്പോർട്ട് നിലനിർത്തി 18,604 ലേയ്ക്കും തുടർന്ന് 18,709 പോയിന്റിലേയ്ക്കും നിഫ്റ്റി ചുവടുവയ്ക്കാം. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 18,097 ലേയ്ക്ക് തിരുത്തൽ തുടരാം. സൂചികയുടെ 21 ദിവസങ്ങളിലെ ശരാശരി 18,237 പോയിന്റിലാണ്.
ബോംബെ സെൻസെക്സ് 61,729 പോയിന്റിൽനിന്നു നേട്ടത്തോടെയാണ് ഇടപാടുകൾ ആരംഭിച്ചത്. ഒരുഘട്ടത്തിൽ 61,483 ലേയ്ക്ക് തളർന്ന ശേഷമുള്ള തിരിച്ചുവരവിൽ സെൻസെക്സ് ഈ വർഷത്തെ ഏറ്റവും ഉയർന്ന തലമായ 62,529 പോയിന്റിലേയ്ക്ക് ചുവടുവച്ചശേഷം ക്ലോസിംഗിൽ 62,501 പോയിന്റിലാണ്. ലോംഗ് ടേമിലേയ്ക്ക് വീക്ഷിച്ചാൽ 62,000- 64,250 റേഞ്ചിലേയ്ക്ക് സൂചിക സഞ്ചരിക്കാൻ സാധ്യതകൾ തെളിയുന്നു. ഈ വാരം 62,859 നെ ലക്ഷ്യമാക്കിയാകും നീക്കം തുടങ്ങുക. 61,813 ലെ സപ്പോർട്ട് നിലനിൽക്കുവോളം 63,217 വരെ മുന്നേറാനുള്ള കരുത്ത് സെൻസെക്സിനു കണ്ടത്താനാകും. വീക്കിലി ചാർട്ടിൽ എംഏസിഡി ബുള്ളിഷാണ്.
മിഡ് ക്യാപ് സൂചിക 26,705.56 ലേയ്ക്ക് മുന്നേറ്റി കരുത്ത് പ്രദർശിപ്പിച്ചു. 2021 ഒക്ടോബറിൽ രേഖപ്പെടുത്തിയ റിക്കാർഡ് നിലവാരമായ 27,246.34 പോയിന്റിലേയ്ക്കുള്ള ദൂരം കേവലം രണ്ട് ശതമാനം അകലെയാണ്. അനുകൂല വാർത്തകൾ പുറത്തുവന്നാൽ ജൂൺ ആദ്യപകുതിയിൽ മിഡ് ക്യാപ് സൂചിക റിക്കാർഡ് പുതുക്കാം.
രൂപയുടെ മൂല്യം 82.66ൽ നിന്നും 82.86 ലേയ്ക്ക് ദുർബലമായെങ്കിലും വെള്ളിയാഴ്ച്ച 82.49 ലേയ്ക്ക് കരുത്തുനേടിയ ശേഷം ക്ലോസിംഗിൽ 82.56 ലാണ്. ഈ വാരം രൂപ കരുത്തിന് ശ്രമിച്ചാൽ 82.20 ആദ്യ തടസമുണ്ട്, ദുർബലമായാൽ 82.87 വരെ നീങ്ങാം. വിദേശ ഫണ്ടുകൾ എല്ലാ ദിവസങ്ങളിലും വാങ്ങലുകാരായി മൊത്തം 3,231 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. മേയിലെ അവരുടെ മൊത്തം നിക്ഷപം 20,607 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ പോയവാരം 3,482 കോടി രൂപ നിക്ഷേപിച്ചു. ഈ മാസം ആഭ്യന്തര വിദേശ ഫണ്ടുകൾ മൊത്തം 37,317 കോടി രൂപയുടെ ഓഹരികൾ വാങ്ങി, 2022 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന വാങ്ങലാണിത്.
ക്രൂഡ് ഓയിൽ മികവിനുള്ള ശ്രമത്തിലാണ്. വർഷത്തിന്റെ രണ്ടാം പകുതിയിൽ ഡിമാന്റ് ഉയരുമെന്ന വിലയിരുത്തൽ മുന്നേറ്റത്തിന് അവസരമൊരുക്കി. ക്രൂഡ് ഓയിൽ ബാരലിന് 72.96 ഡോളറിലാണ്.
ആഗോള സ്വർണ വിപണി വിൽപ്പനക്കാരുടെ നിയന്ത്രണത്തിലേയ്ക്ക് വഴുതുന്നു. പിന്നിട്ട വാരങ്ങളിൽ സൂചിപ്പിച്ചപോലെ തന്നെ ഉയർന്ന റേഞ്ചിൽ പിടിച്ചു നിൽക്കാൻ മഞ്ഞലോഹം ക്ലേശിച്ചു. ട്രോയ് ഔൺസിന് 1977 ഡോളറിൽനിന്നും 1938 ലേയ്ക്ക് ഇടിഞ്ഞ സ്വർണം വാരാന്ത്യം 1946 ഡോളറിലാണ്. 1954 ഡോളറിൽ പ്രതിരോധവും 1915-1898 ഡോളറിൽ സപ്പോർട്ടുമുണ്ട്.