അദ്ഭുതങ്ങളില്ലാതെ ആപ്പിൾ
Thursday, September 14, 2023 1:30 AM IST
കലിഫോർണിയ: ഐഫോണ്‍ 15 സീരീസുകൾ ഔദ്യോഗികമായി അവതരിപ്പിച്ച് ആപ്പിൾ. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നീ നാലു ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളുമാണു കന്പനി പുറത്തിറക്കിയത്. ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ ‘വണ്ടർലസ്റ്റ്’ എന്നു പേരിട്ട പരിപാടിയിലായിരുന്നു പുതിയ ഫോണുകളുടെ പ്രഖ്യാപനം.
ഐഫോണ്‍ 15 പ്രോ മാക്സ് സീരീസിന്റെ ഇന്ത്യയിലെ വില തുടങ്ങുന്നത് 1,59,900 രൂപ മുതലാണ്. ടോപ് മോഡലിന് 1,99,900 രൂപ നൽകണം. ഐഫോണ്‍ 15 പ്രോ സീരീസിനും ഇന്ത്യയിൽ കൂടുതല്‍ നല്‍കണം. തുടക്ക വേരിയന്റിന് 1,34,900 രൂപ നൽകണം. ഐഫോണ്‍ 15 തുടക്ക വേരിയന്റിന്റെ വില 79,900 രൂപയാണ്. 15 പ്ലസിന് 89,900 രൂപ നൽകണം.
യുഎസ്ബിസി പോർട്ട് ചേർത്തതാണു പുതിയ ഐഫോണുകളിലെ ഏറ്റവും വലിയ മാറ്റം. മികച്ച പെർഫോമൻസ് നൽകുന്ന നാനോ ചിപ്പ് ചില മോഡലുകളിലുണ്ടാകും.
അതേസമയം, ആപ്പിൾ മുൻ ഐഫോണ്‍ മോഡലുകളുടെ വില കുറച്ചിട്ടുമുണ്ട്. മുന്‍പ് 79,900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 14 ന്റെ 128 ജിബി വേരിയന്റ് ഇപ്പോൾ 69,900 രൂപയ്ക്ക് ലഭ്യമാണ്. അതുപോലെ, 256 ജിബി വേരിയന്റിന് 89,900 രൂപയിൽനിന്ന് 79,900 രൂപയായി കുറഞ്ഞു. ഏറ്റവും വലിയ സ്റ്റോറേജ് ഓപ്ഷനായ 512 ജിബി വേരിയന്റിനു യഥാർഥ വിലയായ 1,09,900 രൂപയുമായി താരതമ്യം ചെയ്യുന്പോൾ 99,900 രൂപയാണു ഇപ്പോൾ വില.
ഇതിനൊപ്പം പുതിയ സ്മാർട്ട് വാച്ച് പരന്പരയും ആപ്പിൾ പ്രഖ്യാപിച്ചു. സ്ക്രീൻ സ്പർശിക്കാതെ വാച്ച് നിയന്ത്രിക്കാനാകുന്ന ഫീച്ചറാണ് ആപ്പിൾ വാച്ച് സീരീസ് 9ന്റെ പ്രധാന ആകർഷണം. ഡബിൾ ടാപ്പ് എന്നാണ് ഇതിനു പേര്. സെൻസറുകൾ, മെഷീൻലേണിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഈ സംവിധാനം ഉപയോക്താവിന്റെ ചൂണ്ടുവിരലിന്റെയും തള്ളവിരലിന്റെയും ചലനം തിരിച്ചറിഞ്ഞാണു പ്രവർത്തിക്കുന്നത്. ആപ്പിൾ കന്പനിയുടെ ആദ്യ കാർബണ്‍ ന്യൂട്രൽ ഉത്പന്നമാണ് സീരീസ് 9.