ഓണം: ഖാദി ബോർഡിന് 21.88 കോടിയുടെ വില്പന
Saturday, September 23, 2023 1:03 AM IST
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തിന് 21.88 കോടിയുടെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ വിറ്റഴിച്ചതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. കഴിഞ്ഞ വർഷം ഈ സമയം 17.81 കോടി രൂപയായിരുന്നു വിൽപ്പന. 4.7 കോടിയുടെ അധിക വിൽപ്പനയാണ് ഈ വർഷം ലഭിച്ചത്.
സമ്മാനപദ്ധതിയിൽ ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്കൂട്ടറും മൂന്നാം സമ്മാനമായി ജില്ലകൾ തോറും ഓരോ പവനുമാണ് നൽകുന്നത്. തിരുവനന്തപുരം ലോട്ടറി ഓഫീസിൽ ഒക്ടോബർ 20ന് നറുക്കെടുക്കും. സർക്കാർ അർധ സർക്കാർ ജീവനക്കാർ ബുധനാഴ്ച തോറും ഖാദിവസ്ത്രം ധരിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ ചുവടുപിടിച്ച് ജീവനക്കാരുടെ സംഘടനകളുമായി ഇടപെടലുകൾ നടത്തുന്നുണ്ട്. ഗാന്ധിജയന്തി വരാഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ബോർഡ് സംഘടിപ്പിക്കുന്നുണ്ട്.
നാളെ മുതൽ ഒക്ടോബർ മൂന്നുവരെയാണ് ആഘോഷം. ഈ സാമ്പത്തികവർഷം 150 കോടി വിൽപ്പന എന്ന ലക്ഷ്യമാണ് ബോർഡിനുള്ളതെന്നു പി. ജയരാജൻ അറിയിച്ചു.