സിഎംഡിയുമായി സഹകരിക്കാൻ അമൃത സ്കൂൾ ഓഫ് ബിസിനസ്; ധാരണാപത്രം ഒപ്പുവച്ചു
Friday, October 11, 2024 11:15 PM IST
കൊല്ലം: അക്കാദമിക - ഗവേഷണ രംഗങ്ങളിൽ കേരള സർക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റു (സിഎംഡി) മായി സഹകരിക്കാനൊരുങ്ങി അമൃത സ്കൂൾ ഓഫ് ബിസിനസ്.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് ഡയറക്ടറും മെമ്പർ സെക്രട്ടറിയുമായ ഡോ. ബിനോയ് ജെ. കാറ്റാടിയിൽ, അമൃതപുരി കാമ്പസിലെ അമൃത സ്കൂൾ ഓഫ് ബിസിനസ് ഡീൻ ഡോ. രഘുരാമൻ എന്നിവർ ചേർന്ന് ഇതിനായുള്ള ധാരണാപത്രം ഒപ്പുവച്ചു.
അക്കാദമിക - ഗവേഷണരംഗങ്ങൾക്ക് പുറമെ പരിശീലന പരിപാടികൾ, കൺസൾട്ടിംഗ്, സംരംഭകത്വം എന്നീ രംഗങ്ങളിലും സഹകരിച്ച് പ്രവർത്തിക്കുന്നതോടൊപ്പം രണ്ട് സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇന്റർ ഡിസിപ്ലിനറി കോഴ്സുകളും സെമിനാറുകളും സംഘടിപ്പിക്കും.
ധാരണാപത്രത്തിന്റെ ഭാഗമായി സിഎംഡിയിൽ നിന്നുള്ള ഗവേഷകർക്ക് എഎസ്ബി കാമ്പസുകളിൽ പിഎച്ച്ഡി പ്രോഗ്രാമുകളിൽ ചേരാനുള്ള അവസരമാണ് അമൃത സ്കൂൾ ഓഫ് ബിസിനസ് വാഗ്ദാനം ചെയ്യുന്നത്.
സഹകരണ പ്രവർത്തനങ്ങളുടെ വിജയകരമായ നിർവഹണം ഉറപ്പാക്കുന്ന ഒരു ജോയിന്റ് സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്.
കേന്ദ്ര, സംസ്ഥാന, സ്വകാര്യ മേഖലകളിലുടനീളമുള്ള നിർവഹണ പദ്ധതികളിൽ ഗവേഷകർക്ക് സജീവമായി പങ്കെടുക്കാനുള്ള വിലപ്പെട്ട അവസരമാണ് ഈ ധാരണാപത്രത്തിലൂടെ വഴിതുറക്കുന്നതെന്ന് ഡോ.ബിനോയ് ജെ. കാറ്റാടിയിൽ പറഞ്ഞു.
അത്തരം സഹകരണങ്ങൾ ഗവേഷകരെ അവരുടെ പ്രോജക്ടുകളെ അക്കാദമിക തലത്തിലും വ്യാവസായിക തലത്തിലും മികവുപുലർത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത സ്കൂൾ ഓഫ് ബിസിനസ് പ്രിൻസിപ്പൽ ഡോ. പി.കെ. വിശ്വനാഥൻ ചടങ്ങിൽ പങ്കെടുത്തു.