ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിയിൽ ഇടിവ്
Monday, October 14, 2024 12:43 AM IST
മുംബൈ: ഇന്ത്യയിൽ ഭക്ഷ്യ എണ്ണകളുടെ വാർഷിക ഇറക്കുമതി സെപ്റ്റംബറിൽ 29 ശതമാനം ഇടിഞ്ഞ് 10,64,499 ടണ്ണായി കുറഞ്ഞു. ക്രൂഡ്, റിഫൈൻഡ് പാം ഓയിലുകളുടെ ഇറക്കുമതിയിലുണ്ടായ കുറവാണ് കാരണമായത്.
കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 14,94,086 ടണ്ണായിരുന്നു ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി. സോൾവന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎ) ആണ് സെപ്റ്റംബറിൽ ഇറക്കുമതി ചെയ്ത സസ്യ എണ്ണകളുടെ (ഭക്ഷ്യ എണ്ണ, ഭക്ഷ്യേതര എണ്ണ) കണക്ക് പുറത്തുവിട്ടത്.
ഭക്ഷ്യേതര എണ്ണയുടെ ഇറക്കുമതി സെപ്റ്റംബറിൽ 22,990 ടൺ ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ മാസം 57,940 ടണ്‍ ആണ് ഇറക്കുമതി ചെയ്തത്.
ഭക്ഷ്യ എണ്ണയുടെ കാര്യത്തിൽ ക്രൂഡ് പാം ഓയിലിന്റെ ഇറക്കുമതിയിൽ വൻ ഇടിവാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 7,05,643 ടണ്‍ ആണ് ഇറക്കുമതി ചെയ്തതെങ്കിൽ ഈ വർഷം 4,32,510 ടണ്‍ ആയി. റിഫൈൻഡ് പാം ഓയിൽ ഇറക്കുമതി 1,28,954 ടണ്ണിൽനിന്ന് 84,279 ടണ്‍ ആയി കുറഞ്ഞു. ക്രൂഡ് സണ്‍ഫ്ളവർ ഓയിലിന്റെ ഇറക്കുമതിയിലും വലിയ ഇടിവാണുണ്ടായത്. 3,00,732 ടണ്ണിൽനിന്ന് 1,52,803 ടണ്‍ ആയി.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ ഉയർന്ന ഇൻവേർഡ് ഷിപ്മെന്റുകളും ഡിമാൻഡ് കുറഞ്ഞതും തുറമുഖത്ത് സ്റ്റോക്ക് കെട്ടിക്കിടക്കാൻ കാരണമായതുമാണ് ഇറക്കുമതിയിലെ ഇടിവിന് കാരണമെന്ന് എഇഎ പറഞ്ഞു.
മാത്രമല്ല, വിപണിയിലെ ചാഞ്ചാട്ടവും വിലയിൽ മാറ്റമുണ്ടാകാതിരുന്നതും കാരണം ഇറക്കുമതിക്കാർ ജാഗ്രത പുലർത്തുന്നതായി അസോസിയേഷൻ പറഞ്ഞു. സോയാബീൻ ഓയിൽ, സൂര്യകാന്തി എണ്ണ എന്നിവയുടെ വിലയേക്കാൾ മുകളിൽ വ്യാപാരം നടത്തുന്ന പാം ഓയിലിന്റെ വരവിലുണ്ടായ കുറവാണ് ഇറക്കുമതി കുറയാൻ കാരണമെന്നും, ആഭ്യന്തര വിപണിയിൽ പാം ഓയിൽ വാങ്ങുന്ന കുറഞ്ഞതും ഇറക്കുമതിയിൽ ഇടിവുണ്ടാക്കിയെന്ന് എസ്ഇഎ പറഞ്ഞു.
എസ്ഇഎ ഡാറ്റ അനുസരിച്ച്, ഒക്ടോബറിൽ അവസാനിക്കുന്ന നിലവിലെ 2023-24 വിപണന വർഷത്തിലെ ആദ്യ 11 മാസങ്ങളിൽ സസ്യ എണ്ണകളുടെ മൊത്തത്തിലുള്ള ഇറക്കുമതി ആറു ശതമാനം കുറഞ്ഞ് 1,47,75,000 ടണ്ണിലെത്തി, ഇതേ കാലയളവിൽ കഴിഞ്ഞ വർഷം 1,56,73,102 ടണ്ണായിരുന്നു. ഭക്ഷ്യ എണ്ണ കഴിഞ്ഞ വിപണവർഷം 1,54,68,912 ടണ്ണായിരുന്നെങ്കിൽ ഇത്തവണ 1,45,35,955 ടണ്ണായി കുറഞ്ഞു. എന്നാൽ, ഭക്ഷ്യേതര എണ്ണയുടെ ഇറക്കുമതിയിൽ വർധവുണ്ടായി. 2,04,190 ടണ്ണിൽനിന്ന് 2,39,045 ടണ്ണായി.
ഭക്ഷ്യഎണ്ണയുടെ 50 ശതമാനത്തിനു മുകളിൽ ഇന്ത്യ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പാം ഓയിൽ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്നാണ് ഇറക്കുന്നത്. സോയാബീൻ ഓയിൽ ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽനിന്നും.
അടുത്തിടെ, ഖാരിഫ് (വേനൽക്കാലത്ത് വിതച്ച) വിളകളുടെ വിളവെടുപ്പിനിടയിൽ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി സർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചു.