വന്പന്മാർക്ക് എവേ ജയം
Tuesday, September 10, 2019 11:34 PM IST
ബ്രസൽസ്: യൂറോ 2020 ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ വന്പന്മാരായ ജർമനി, ഹോളണ്ട്, ബെൽജിയം എന്നിവയ്ക്ക് എവേ മത്സരങ്ങളിൽ ജയം. ഗ്രൂപ്പ് സിയിൽ ജർമനി 2-0ന് നോർത്തേണ്‍ അയർലൻഡിനെ കീഴടക്കി. മാർസൽ ഹൽസ്റ്റണ്ബർഗ് (48-ാം മിനിറ്റ്), സെർജി ഗ്നാബറി (90+2-ാം മിനിറ്റ്) എന്നിവരാണ് ജർമനിക്കായി ഗോൾ നേടിയത്. കഴിഞ്ഞ ആഴ്ച ഹോളണ്ടിനോട് ജർമനി 4-2ന്റെ തോൽവി വഴങ്ങിയിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എസ്റ്റോണിയയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ഹോളണ്ട് തകർത്തത്. റയാൻ ബാബേലിന്റെ ഇരട്ട ഗോളാണ് ഓറഞ്ച് പടയുടെ ജയത്തിൽ ഇന്ധനമേകിയത്. 17, 47 മിനിറ്റുകളിലായിരുന്നു ബാബേലിന്റെ ഗോൾ. എംഫിസ് ഡീപ്പേ (76-ാം മിനിറ്റ്), ജോർജിനോ വിജ്നൽഡം (87-ാം മിനിറ്റ്) എന്നിവരാണ് ഓറഞ്ച് പടയുടെ മറ്റ് ഗോൾ നേട്ടക്കാർ. ഗ്രൂപ്പിൽ 12 പോയിന്റോടെ ജർമനി ഒന്നാം സ്ഥാനത്ത് എത്തി. ഇത്രയും പോയിന്റുള്ള നോർത്തേണ്‍ അയർലൻഡ് രണ്ടാമതാണ്. ഒരു മത്സരം കുറവ് കളിച്ച ഹോളണ്ട് ഒന്‍പത് പോയിന്റുമായി മൂന്നാമതുണ്ട്.
ഗ്രൂപ്പ് ഐയിൽ തുടർച്ചയായ ആറാം ജയത്തോടെ ബെൽജിയം പോയിന്റ് പട്ടികയിൽ ഒന്നാമത് തുടരുന്നു. എവേ പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെ 4-0നാണ് ബെൽജിയം കീഴടക്കിയത്. റൊമേലു ലുക്കാക്കു (ഒന്‍പതാം മിനിറ്റ്), തോമസ് വെർമീലെൻ (24-ാം മിനിറ്റ്), ടോബി അൽഡെർവീറെൽഡ് (32-ാംമിനിറ്റ്), കെവിൻ ഡി ബ്രൂയിൻ (82-ാം മിനിറ്റ്) എന്നിവരാണ് ബെൽജിത്തിനായി വല കുലുക്കിയത്. രണ്ട് ഗോളിനു വഴിവയ്ക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത ഡി ബ്രൂയിന്റെ ക്ലാസ് പ്രകടനമായിരുന്നു കളിത്തിൽ അരങ്ങേറിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റഷ്യ 1-0ന് കസാക്കിസ്ഥാനെ കീഴടക്കി. 18 പോയിന്റുള്ള ബെൽജിയത്തിനു പിന്നിൽ 15 പോയിന്റുമായി റഷ്യ രണ്ടാമതാണ്.
റഷ്യൻ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ അസർബൈജാൻ 1-1 സമനിലയിൽ പിടിച്ചു. എവേ പോരാട്ടത്തിൽ 11-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ പെനൽറ്റി ഗോളിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയെങ്കിലും 72-ാം മിനിറ്റിൽ ആതിഥേയർ ഒപ്പമെത്തി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹംഗറിയെ എവേ പോരാട്ടത്തിൽ 2-1ന് സ്ലോവാക്യ പരാജയപ്പെടുത്തി. 10 പോയിന്റുമായി ക്രൊയേഷ്യയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഒന്‍പത് പോയിന്റുള്ള സ്ലോവാക്യ രണ്ടാമതുണ്ട്.