അഴിമതി തുടച്ചുനീക്കും: ഗാംഗുലി
Wednesday, October 23, 2019 11:36 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ദിശമാറ്റിയ വിപ്ലവ നായകനായ സൗരവ് ഗാംഗുലി ബിസിസിഐ (ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) അധ്യക്ഷനായി ഇന്നലെ അധികാരമേറ്റു. ഇന്ത്യൻ ടീമിനെ നയിച്ചതുപോലെ ബിസിസിഐയെയും നയിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിന്റെ വിവിധ തലങ്ങളിലുള്ള അഴിമതി തുടച്ചുനീക്കുകയാണ് തന്റെ പരമപ്രധാന ലക്ഷ്യമെന്ന് ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീം വാതുവയ്പ്പ് വിവാദത്തിലകപ്പെട്ട് ദിശതെറ്റിയതിനു പിന്നാലെ 2000ത്തിലാണ് ഗാംഗുലി ടീമിന്റെ നായകസ്ഥാനത്ത് എത്തിയത്. തുടർന്ന് ഇന്ത്യയെ ലോകകപ്പ് നേടാൻ കെൽപ്പുള്ള ടീമാക്കിമാറ്റിയതിന്റെ അടിത്തറ പാകിയത് ഗാംഗുലിയായിരുന്നു. നിലവിൽ ക്രിക്കറ്റിന്റെ വിവിധ കോണുകളിൽ അഴിമതി പ്രശ്നങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ഗാംഗുലി ബിസിസിഐയുടെ അധ്യക്ഷ പദവിയിലെത്തുന്നത്.
ബിസിസിഐയുടെ 39-ാമത് അധ്യക്ഷനായാണ് ദാദ ചുമതലയേറ്റത്. കെടുകാര്യസ്ഥതയെത്തുടർന്ന് കഴിഞ്ഞ 33 മാസമായി ഇന്ത്യൻ ക്രിക്കറ്റിന്റെ നിയന്ത്രണം വിനോദ് റായ് അധ്യക്ഷനായ സിഒഎയുടെ നിരീക്ഷണത്തിലായിരുന്നു. സിഒഎയുടെ പക്കൽനിന്നാണ് ഗാംഗുലിയിലേക്ക് അധികാരം എത്തിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായും അനുരാഗ് ഠാക്കുറിന്റെ സഹോദരൻ അരുണ് സിംഗ് ധുമാൽ ട്രഷററായും കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയായും അധികാരമേറ്റു. ഇന്ത്യൻ മുൻ താരവും കർണാടക ക്രിക്കറ്റ് അസോസിയേഷൻ, ബിസിസിഐ ഭാരവാഹിയുമായ ബ്രിജേഷ് പട്ടേലാണ് ഐപിഎൽ ചെയർമാൻ സ്ഥാനത്ത് എത്തുക.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചുവന്ന സൗരവ് ഗാംഗുലിക്ക് ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് 2020 സെപ്റ്റംബർ വരെയെ തുടരാനാകൂ. തുടർച്ചയായി ആറു വർഷത്തിൽ കൂടുതൽ പദവികളിൽ ഇരിക്കുന്നവർക്ക് കൂളിംഗ് പീരിയഡിനുശേഷമേ വീണ്ടും പദവികൾ ഏറ്റെടുക്കാനാവൂ എന്നതിനാലാണിത്.