ഏഴ് റണ്‍സ്് ഓള്‍ഔട്ട്; ജയം 754 റണ്‍സിന്!
Thursday, November 21, 2019 11:31 PM IST
മുംബൈ: അന്ധേരിയിലെ ചില്‍ഡ്രന്‍സ് വെല്‍ഫയര്‍ സ്കൂള്‍ ഓർമിക്കാൻ ആഗ്രഹിക്കാത്ത ദിനമാകും ഇന്നലെത്തേത്. ഹാരിസ് ഷീല്‍ഡ് ആദ്യ റൗണ്ട് നോക്കൗട്ട് മത്സരത്തില്‍ അന്ധേരിയില്നിന്നുള്ള സ്കൂളിന്റെ ബാറ്റ്സ്മാന്മാരെല്ലാം പൂജ്യത്തിനു പുറത്തായപ്പോള്‍ ബോറിവാലിയിലെ സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്കൂള്‍ (എസ് വിഐഎസ്) റിക്കാര്‍ഡ് ജയമാണ് സ്വന്തമാക്കിയത്.
എസ്വിഐഎസ് ബൗളര്‍മാര്‍ നല്കിയ ഏഴ് എക്സ്ട്രാസിനോട് (ആറു വൈഡും ഒരു ബൈയും) നന്ദി പറയണം. ഇതുമാത്രമായായിരുന്നു വെല്‍ഫയര്‍ സ്കൂളിന്റെ സമ്പാദ്യം. വെറും ആറോവറിനുള്ളില്‍ എല്ലാവരും പുറത്താകുകയും ചെയ്തു. മൂന്ന് ഓവറില്‍ മൂന്നു റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയ എസ്വിഐഎസിന്റെ അലോക് പാലാണ് വെൽ ഫയർ സ്കൂളിനെ തകര്‍ത്തത്. നായകന് വരോദ് വാസ് മൂന്നു റണ്‍സിനു രണ്ടു വിക്കറ്റും വീഴ്ത്തി.
രണ്ടു ബാറ്റ്സ്മാന്മാര് റണ്ണൗട്ടാകുകയായിരുന്നു. അവിശ്വസനീയമായ സ്കോറിലാണ് വെല്‍ഫയര്‍ സ്കൂള്‍ തോറ്റത്. 754 റണ്‍സിന്! ഇന്റര്‍ സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ആസാദ് മൈദാനിലെ ന്യൂ എറ ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത എസ്വിഐഎസിനു വേണ്ടി മീറ്റ് മായെകര് പുറത്താകാതെ നേടിയ ട്രിപ്പിള്‍ സെഞ്ചുറി (134 പന്തില്‍ 338 നോട്ടൗട്ട്, 56x4, 7x6) 39 ഓവറില്‍ നാലു വിക്കറ്റിന് 761 റണ്‍സ് നല്കി.
മൂന്നു മണിക്കൂര്‍ കൊണ്ട് 45 ഓവര്‍ എറിയേണ്ടതായിരുന്നു. ബൗളിംഗിനു സമയം കൂടുതലെടുത്തതോടെ ആറ് ഓവറില്‍ 156 റണ്‍സ് പിഴയായി ചില്‍ഡ്രന്‍സ് വെല്ഫയറിനു നല്‍കേണ്ടിവന്നു. കൃഷ്ണ പാര്തെ (95), ഇഷാന് റോയ് (67) എന്നിവരും എസ്വിഐഎസിന്റെ സ്കോറിംഗിന് ഊര്‍ജം നല്കി.