സൂപ്പർ റയൽ ഷൂട്ട്
Tuesday, January 14, 2020 12:00 AM IST
ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം റയൽ മാഡ്രിഡിന്. നിശ്ചിത സമയത്തും അധികസമയത്തും ഗോൾ പിറക്കാതിരുന്ന മത്സരത്തിൽ കിരീടം ആർക്കെന്നു നിശ്ചയിച്ചത് പെനൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. ഷൂട്ടൗട്ടിൽ അത്ലറ്റിക്കോ മാഡ്രിഡിനെ 4-1ന് റയൽ മറികടന്നു.
റയലിനുവേണ്ടി ഡാനി കാർവഹാൽ, റോഡ്രിഗോ, ലൂക്ക മോഡ്രിച്ച്, സെർജ്യോ റാമോസ് എന്നിവർ ലക്ഷ്യം കണ്ടു. എന്നാൽ, അത്ലറ്റിക്കോയുടെ ആദ്യ രണ്ട് കിക്കെടുത്ത സോൾ നിഗ്വസ്, തോമസ് പാർട്ടി എന്നിവർക്ക് ലക്ഷ്യം പിഴച്ചപ്പോൾ റയൽ വിജയം സ്വന്തമാക്കി. കീറണ്‍ ട്രിപ്പിയർ മാത്രമാണ് അത്ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. സൂപ്പർ കപ്പിൽ മാഡ്രിഡിന്റെ 11-ാം കിരീടനേട്ടമാണിത്, 2017നുശേഷം ആദ്യത്തേതും.
മാഡ്രിഡ് ടീമുകളുടെ പോരാട്ടത്തിൽ നിശ്ചിത സമയം ഗോൾ രഹിതമായിരുന്നു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമുകൾക്കും ഗോൾവല ചലിപ്പിക്കാൻ സാധിച്ചില്ല. 115-ാം മിനിറ്റിൽ റയലിന് ഫെഡെറിക്കോ വാൽവെർഡെയെ നഷ്ടപ്പെട്ടു. വാൽവെർഡെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ റയൽ 10 പേരായി ചുരുങ്ങി. എങ്കിലും തുടർന്നുള്ള മിനിറ്റുകളിലും റയൽ ഗോൾ വഴങ്ങാൻ കൂട്ടാക്കിയില്ല.