സച്ചിനെ ഒഴിവാക്കി, ഉഷയെ ഉൾപ്പെടുത്തി
Thursday, January 23, 2020 11:22 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ രൂപീകരിച്ച ദേശീയ സ്പോർട്സ് കൗണ്‍സിലിൽനിന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെയും ചെസ് വിസ്മയം വിശ്വനാഥൻ ആനന്ദിനെയും ഒഴിവാക്കി. കായിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ 2015ൽ രൂപീകരിച്ച സമിതിയാണ് ദേശീയ സ്പോർട്സ് കൗണ്‍സിൽ.
സച്ചിനും ആനന്ദിനും പകരം ഹർഭജൻ സിംഗിനെയും കെ. ശ്രീകാന്തിനെയും ഉൾപ്പെടുത്തിയി. 27 അംഗ സമിതിയെ 18 ആയും നിജപ്പെടുത്തിയിട്ടുണ്ട്. ബാഡ്മിന്റണ്‍ പരിശീലകൻ പുല്ലേല ഗോപിചന്ദ്, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ എന്നിവരും ഒഴിവാക്കപ്പെട്ടവരിൽപ്പെടും. മലയാളി ഒളിന്പ്യൻ പി.ടി. ഉഷ, അന്പെയ്ത്ത് താരം ലിംബാ റാം, അഞ്ജലി ഭാഗവത്, റെനഡി സിംഗ്, യോഗേശ്വർ ദത്ത്, പാരാലിംന്പിക് താരം ദീപ മാലിക്ക് എന്നിവരാണ് സമിതിയിലെ പുതിയ അംഗങ്ങൾ. രാജ്യസഭാ അംഗമെന്ന നിലയിലാണ് സച്ചിനെ ആദ്യ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നത്.