സെഞ്ചുറി മോഹം പൊലിഞ്ഞ് ലിവർപൂൾ
Thursday, July 16, 2020 11:07 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സ്വന്തം തട്ടകത്തിൽവച്ച് ആഴ്സണൽ 2-1ന് ലിവർപൂളിനെ കീഴടക്കി. അത്യുജ്വല സേവുമായി ആഴ്സനൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് കൈയ്യടിനേടിയതും ശ്രദ്ധേയമായി. എട്ട് സേവുകളാണ് അർജന്റൈൻ ഗോൾ കീപ്പർ നടത്തിയത്. അതിൽ അവസാന നിമിഷം മുഴുനീള ഡൈവിലൂടെ നടത്തിയ സേവ് സമൂഹ മാധ്യമങ്ങൾ വൈറലായി.
അലക്സാണ്ടർ ലാക്കസെറ്റ് (32), റീസ് നെൽസണ്‍ (44) എന്നിവരായിരുന്നു ഗണ്ണേഴ്സിനായി ഗോൾ നേടിയത്. ലിവർപൂളിന്റെ ഗോൾ സാദിയോ മാനെയുടെ (20) വകയായിരുന്നു. തോൽവിയോടെ സീസണിൽ 100 പോയിന്റ് കുറിച്ച് റിക്കാർഡ് സ്വന്തമാക്കാമെന്ന ലിവർപൂളിന്റെ സ്വപ്നം പൊലിഞ്ഞു. രണ്ട് മത്സരങ്ങൾ ശേഷിക്കേ 93 പോയിന്റാണ് ലിവർപൂളിനുള്ളത്. മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി 2-1ന് ബോണ്‍മത്തിനെയും ടോട്ടനം 3-1ന് ന്യൂകാസിലിനെയും കീഴടക്കി.