ഇംഗ്ലണ്ടിനെ വീഴ്ത്തി ബെൽജിയം
Monday, November 16, 2020 11:54 PM IST
ലൂവെൻ (ബെൽജിയം): യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ലീഗ് എ ഗ്രൂപ്പ് രണ്ടിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ലോക ഒന്നാം നന്പർ ടീമായ ബെൽജിയം ഫൈനൽസിനോടടുത്തു. ഹോം മത്സരത്തിൽ 2-0നാണ് ബെൽജിയം ഇംഗ്ലണ്ടിനെ കീഴടക്കിയത്. തോൽവിയോടെ ഇംഗ്ലണ്ടിന്റെ ഫൈനൽസ് മോഹം അവസാനിച്ചു. ജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിനു ഫൈനൽസ് സാധ്യത നിലനിർത്താൻ സാധിക്കുകയുണ്ടായിരുന്നുള്ളൂ. യോറി ടിയെൽമൻസ് (10-ാം മിനിറ്റ്), ഡ്രൈസ് മെർടെൻസ് (24-ാം മിനിറ്റ്) എന്നിവരാണു ബെൽജിയത്തിനായി വലകുലുക്കിയത്.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് 3-0ന് ഐസ്ലൻഡിനെ കീഴടക്കി ഫൈനൽസ് സാധ്യത നിലനിർത്തി.
കോവിഡിനു വഴങ്ങാതെ ഇറ്റലി
ലീഗ് എ ഗ്രൂപ്പ് ഒന്നിൽ ഫൈനൽസിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഇറ്റലി (9), ഹോളണ്ട് (8), പോളണ്ട് (7) എന്നിവയാണ് ഫൈനൽസിനായി കട്ടയ്ക്കുനിൽക്കുന്നത്. പോളണ്ടിനെ ഹോം മത്സരത്തിൽ 2-0ന് കീഴടക്കി ഇറ്റലി ഗ്രൂപ്പിൽ ഒന്നാമത് എത്തി. ജോർജീഞ്ഞോ (27-പെനൽറ്റി), ബെറാർഡി (84-ാം മിനിറ്റ്) എന്നിവരായിരുന്നു ഇറ്റലിയുടെ ഗോൾ നേട്ടക്കാർ.
പരിക്കിനെയും കോവിഡ് രോഗത്തെയും തുടർന്ന് 20 കളിക്കാരും പരിശീലകൻ റോബർട്ടോ മാൻചീനിയും ഇല്ലാതിരുന്ന മത്സരത്തിലാണ് ഇറ്റലി ജയം നേടിയതെന്നതാണു ശ്രദ്ധേയം.
ഡീ ബോറിന്റെ ആദ്യ ജയം
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹോളണ്ട് 3-1ന് ബോസ്നിയയെ കീഴടക്കി. റോണൾഡ് കൂമൻ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ മാനേജരായി പോയതോടെ ഹോളണ്ട് പരിശീലകനായ ഡീ ബോറിന്റെ കീഴിൽ ടീം നേടുന്ന ആദ്യ ജയമാണ്. ജോർജീഞ്ഞിയോ വയ്നൽഡം (6, 13) ഇരട്ട ഗോൾ നേടി. മെംഫിസ് ഡീപ്പെയും (55) വലകുലുക്കി. ഗ്രൂപ്പിൽ ആദ്യ സ്ഥാനത്ത് എത്തുന്ന ടീമാണ് ഫൈനൽസിനു യോഗ്യത നേടുക.