ആ പ്രണയജോഡി ഇവരാണ്...
Tuesday, December 1, 2020 11:45 PM IST
ഇ ന്ത്യ x ഓസ്ട്രേലിയ രണ്ടാം ഏകദിന ക്രിക്കറ്റിനിടെ ലോകം കണ്ടൊരു പ്രണയാഭ്യർഥനയുണ്ടായിരുന്നു. ഇന്ത്യൻ ആരാധകനായ ഒരു യുവാവ് ഓസീസ് ആരാധികയോട് പ്രണയാഭ്യർഥന നടത്തുകയും യുവതി സമ്മതമറിയിക്കുകയും ചെയ്യുന്നതായിരുന്നു അത്. ആ പ്രണയജോഡിയാണ് ദീപൻ മണ്ഡാലിയും റോസ് വിംബുഷും.
ബംഗളൂരു സ്വദേശിയാണു ദീപൻ. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ദീപൻ, സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽവച്ച് വിവാഹാഭ്യർഥന നടത്തിയത്. സിനിമാക്കഥയെ വെല്ലുന്നതായിരുന്നു അവരുടെ പ്രണയം. നാലു വർഷം മുൻപ് ഡാറ്റാ അനലിസ്റ്റായാണു ദീപൻ ഓസ്ട്രേലിയയിലെത്തിയത്. ആദ്യം സിഡ്നിയിലായിരുന്ന ദീപൻ പിന്നീട് മെൽബണിലേക്കു മാറി. റോസ് മുന്പ് താമസിച്ചിരുന്ന വീട്ടിലായിരുന്നു ദീപൻ. റോസിന്റെ പേരിൽ ആ വീട്ടിലേക്കു നിരവധി കത്തുകൾ വന്നതാണ് ആ പ്രണയത്തിനു നാന്ദി കുറിച്ചത്. കത്തുകളുടെ അവകാശിയെ കണ്ടുപിടിക്കാൻ ദീപൻ തുനിഞ്ഞിറങ്ങി. ക്രിക്കറ്റ് പ്രേമികളായ ഇരുവരും പിന്നീട് ഹൃദയം കൈമാറി.
സ്റ്റേഡിയത്തിൽവച്ച് വിവാഹാഭ്യർഥന നടത്താൻ റോസ് അറിയാതെ ദീപൻ മുന്നൊരുക്കം നടത്തി. സ്റ്റേഡിയം അധികൃതരോട് ഇക്കാര്യം സംസാരിക്കുകയും അനുമതി നേടുകയും ചെയ്തു. അങ്ങനെ ലോകം ആ ലൗ സ്റ്റോറി, ലൈവ് ആയി കണ്ടു.