അത്ലറ്റിക്കോ വീണു ; റയൽ ജയിച്ചു, ബാഴ്സയ്ക്കു സമനില
Monday, February 22, 2021 12:04 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ഹോം മത്സരത്തിൽ ലെവാന്റയോട് 2-1ന് അത്ലറ്റിക്കോ പരാജയപ്പെട്ടു. ലെവാന്റയുടെ പേരിൽ ചേർക്കപ്പെട്ട ഒരു ഗോൾ സെൽഫ് ആയിരുന്നു എന്നതും ശ്രദ്ധേയം. ഡിയേഗോ സിമയോണിയുടെ കുട്ടികളുടെ തോൽവിയറിയാതെയുള്ള (12 മത്സരങ്ങൾ) മുന്നേറ്റം ഇതോടെ അവസാനിച്ചു.
അത്ലറ്റിക്കോയ്ക്കു (55 പോയിന്റ്) പിന്നിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് (52) എവേ പോരാട്ടത്തിൽ റയൽ വയ്യഡോലിഡിനെതിരേ ജയം സ്വന്തമാക്കി. കാസെമിറൊയുടെ (65’) വകയായിരുന്നു റയലിന്റെ ഗോൾ. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ബാഴ്സലോണ (47 പോയിന്റ്) സ്വന്തം തട്ടകത്തിൽവച്ച് കാഡിഫുമായി 1-1 സമനിലയിൽ പിരിഞ്ഞു. ലയണൽ മെസിയിലൂടെ (32 പെനൽറ്റി) മുന്നിൽ കടന്നെങ്കിലും ബാഴ്സ സമനില വഴങ്ങി.