തകർത്തടിച്ച് കേരളം
Monday, March 1, 2021 12:07 AM IST
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ ബിഹാറിനെതിരേ ഒന്‍പതു വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി കേരളം നോക്കൗട്ട് സാധ്യത നിലനിർത്തി. ഗ്രൂപ്പ് സിയിൽ 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിലുൾപ്പെട്ട് നോക്കൗട്ടിൽ കടക്കാനുള്ള സാധ്യതയാണു കേരളത്തിനുള്ളത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബിഹാർ 40.2 ഓവറിൽ 148 റണ്‍സിനു പുറത്തായി. ശ്രീശാന്ത് നാലും ജലജ് സക്സേന മൂന്നും നിധീഷ് രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കി. 149 റണ്‍സ് എന്ന ലക്ഷ്യം 8.5 ഓവറിൽ കേരളം അടിച്ചെടുത്തു. 32 പന്തിൽ 10 സിക്സും നാലു ഫോറും അടക്കം 87 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോബിൻ ഉത്തപ്പയാണു കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്. ഓപ്പണർ വിഷ്ണു വിനോദ് 12 പന്തിൽ നാലു സിക്സും രണ്ടു ഫോറുമടക്കം 37 റണ്‍സ് എടുത്തു. സഞ്ജു സാംസണ് 9 പന്തിൽനിന്നു രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 24 റണ്‍സോടെ പുറത്താകാതെ നിന്നു.
ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള കർണാടകയ്ക്കും ഉത്തർപ്രദേശിനും 16 പോയിന്റ് വീതമാണ്. റണ്‍റേറ്റ് അടിസ്ഥാനത്തിൽ കർണാടകയാണു ഗ്രൂപ്പ് ചാന്പ്യന്മാർ.