നാലാം ടെസ്റ്റ് നാളെ
Wednesday, March 3, 2021 12:03 AM IST
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റ് നാളെ അഹമ്മദാബാദിൽ അരങ്ങേറും. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇതിനോടകം പരിശീലനം പുനരാരംഭിച്ചു. ഇന്നലെ ഫീൽഡിംഗ് പരിശീലനത്തിനായിരുന്നു ടീം ഇന്ത്യ മുൻഗണന നൽകിയത്. രണ്ടും മൂന്നും ടെസ്റ്റിലേതിനു സമാനമായ പിച്ച് ആയിരിക്കും നാലാം ടെസ്റ്റിലേതും എന്നാണ് ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെയുടെ നിരീക്ഷണം. മൂന്നാം ടെസ്റ്റിലെ പിച്ച് വിമർശനത്തിനു കാരണമായിരുന്നു.
പരന്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്. നാലാം ടെസ്റ്റിൽ പരാജയം ഒഴിവാക്കിയാൽ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാം. അതേസമയം, ഇംഗ്ലണ്ട് ജയിച്ചാൽ പരന്പര 2-2 സമനിലയിലാകുകയും ഇന്ത്യ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്താകുകയും ചെയ്യും. പിങ്ക് ടെസ്റ്റിൽ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ ഫൈനൽ സാധ്യത അടഞ്ഞതാണ്. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ടേബിളിൽ ഇന്ത്യയാണു നിലവിൽ ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡ് ഇതിനോടകം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.