അലകടലാകാതെ എംഎൻഎം
Thursday, September 16, 2021 11:56 PM IST
ബ്രൂഷ് (ബെൽജിയം): ഫുട്ബോൾ കളത്തിലെ സ്വപ്ന ത്രയമായ മെസി-നെയ്മർ-എംബാപ്പെ (എംഎൻഎം) കൂട്ടുകെട്ട് സീസണിൽ ആദ്യമായി സ്റ്റാർട്ടിംഗ് ഇലവണിൽ കളിച്ചെങ്കിലും ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു ചാന്പ്യൻസ് ലീഗിൽ ജയം അപ്രാപ്യമായി.
എംഎൻഎം ത്രയം ലയിച്ചുചേരാതിരുന്ന പോരാട്ടത്തിൽ ബെൽജിയം സംഘമായ ക്ലബ് ബ്രൂഷ് സ്വന്തം തട്ടകത്തിൽവച്ച് 1-1 സമനില സ്വന്തമാക്കി. ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിലെ ദുർബലരെന്നു വിശേഷിപ്പിക്കപ്പെടുന്ന ടീമാണ് ബ്രൂഷ് എന്നതാണു ശ്രദ്ധേയം.
51-ാം മിനിറ്റിൽ എംബാപ്പെ പരിക്കേറ്റു പുറത്തായി, മെസിക്കു ലഭിച്ച അവസരം മുതലാക്കാൻ സാധിച്ചില്ല, നെയ്മർ ഫൈനൽ തേർഡിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ദുർബലമായി... ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി 6-3ന് ജർമൻ ടീമായ ലൈപ്സിഗിനെ കീഴടക്കിയെന്നതും പിഎസ്ജിക്കു തലവേദനയാണ്. ഗ്രൂപ്പിൽ പിഎസ്ജിയും സിറ്റിയും തമ്മിലാണ് അടുത്ത മത്സരം. മെസിയുടെ 150-ാം ചാന്പ്യൻസ് ലീഗ് മത്സരമായിരുന്നു.
ഹാളർ ഫോർ
സെബാസ്റ്റ്യൻ ഹാളറിന്റെ (2’, 9’, 51’, 63’) നാല് ഗോൾ മികവിൽ ഹോളണ്ട് ക്ലബ് അയാക്സ് ആംസ്റ്റർഡാം ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ മിന്നും ജയം സ്വന്തമാക്കി. എവേ പോരാട്ടത്തിൽ പോർച്ചുഗലിൽനിന്നുള്ള സ്പോർട്ടിംഗ് ലിസ്ബണിനെയാണ് അയാക്സ് കീഴടക്കിയത്. സ്കോർ: 5-1. ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ അരങ്ങേറ്റ മത്സരത്തിൽ നാല് ഗോൾ നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് ഹാളർ.