പച്ചമനുഷ്യൻ!
Wednesday, October 27, 2021 11:47 PM IST
ഇത് ഫുട്ബോൾ കളത്തിലെ യഥാർഥ പച്ചമനുഷ്യൻ. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ നാടായ റൊസാരിയൊ തെരുവിൽനിന്നുള്ള ലൂയിസ് എസെക്കിയേൽ ചിമ്മി ആവില എന്ന ചിമ്മി ആവില. പച്ച കുത്തുന്നവരിൽ വ്യത്യസ്തനാണ് ചിമ്മി ആവില.
ഇരുപത്തേഴുകാരനായ ആവിലയുടെ ഇതുവരെയുള്ള ജീവിതകഥയാണു ശരീരത്തിലാകമാനമുള്ള ഈ പച്ചച്ചിത്രങ്ങൾ. ദാരിദ്ര്യം, കൊള്ളയും വെടിവയ്പും, മയക്കുമരുന്ന് ഉപേക്ഷിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്, ഫുട്ബോൾ...
അങ്ങനെ 10-ാം വയസ് മുതലുള്ള ജീവിതചരിത്രം ആവിലയുടെ ശരീരത്തിൽ പച്ചയായി തെളിഞ്ഞിരിക്കുന്നു. ജീവിതം എവിടെയായിരുന്നു, ഇപ്പോൾ എവിടെ എത്തി... എന്റെ ശരീരം എന്റെ ജീവിത കഥയാണ്, എന്റെ കുട്ടികൾക്കും ഇതു പാഠമാണ്- ചിമ്മി പറയുന്നു.
മുന്നേറ്റനിര താരമായ ചിമ്മി ആവില സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഒസാസുനയുടെ താരമാണ്. ഈ സീസണിൽ ബാഴ്സലോണയിലേക്ക് എത്തുമെന്നു വാർത്തയിൽ നിറഞ്ഞെങ്കിലും പരിക്കിനെത്തുടർന്ന് അതുണ്ടായില്ല.