ട്രംപറ്റ് ട്രംപൽമൻ
Wednesday, October 27, 2021 11:47 PM IST
അബുദാബി: ഐസിസി ട്വന്റി-20 ലോകകപ്പ് സൂപ്പർ 12ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ നമീബിയയ്ക്ക് ജയം. ചരിത്രത്തിൽ ആദ്യമായാണ് നമീബിയ സൂപ്പർ ഘട്ടത്തിൽ ജയം നേടുന്നത്.
സ്കോട്ട്ലൻഡിനെതിരേ 4 വിക്കറ്റിനായിരുന്നു ആഫ്രിക്കൻ സംഘത്തിന്റെ ജയം. സ്കോർ: സ്കോട്ട്ലൻഡ് 20 ഓവറിൽ 109/8. നമീബിയ 19.1 ഓവറിൽ 115/6.
ടോസ് നേടിയ നമീബിയ സ്കോട്ട്ലൻഡിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യ ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തി റൂബൻ ട്രംപൽമൻ നമീബിയയ്ക്ക് ഉജ്വല തുടക്കം നൽകി. ജോർജ് മണ്‍സെ (0), കാലം മക്ലിയോഡ് (0), റിച്ചി ബെറിംഗ്ടണ്‍ (0) എന്നിവരെയാണു ട്രംപൽമൻ ആദ്യ ഓവറിൽ മടക്കി.
ട്വന്റി 20 ക്രിക്കറ്റിൽ ആദ്യ ഓവറിൽ മൂന്നു വിക്കറ്റ് നേടുന്ന നാലാമതു ബൗളറാണു ട്രംപൽമൻ. ഷോയ്ബ് അക്തർ, ഫിഡൽ എഡ്വേർഡ്സ്, യാസിർ അരാഫത് എന്നിവരാണു മുൻഗാമികൾ.
മൈക്കിൾ ലെസ്കും (44) നായകൻ മാത്യു ക്രോസും (19) ചേർന്ന് സ്കോട്ട്ലൻഡിനെ 50 കടത്തി. 25 റണ്‍സ് നേടിയ ക്രിസ് ഗ്രീവ്സാണ് രണ്ടക്കം കടന്ന മൂന്നാമത്തെ സ്കോട്ടിഷ് ബാറ്റർ. മറുപടിക്കിറങ്ങിയ നമീബിയയ്ക്കായി ക്രെയ്ഗ് വില്യംസ് (23), ജെ.ജെ. സ്മിത്ത് (26 നോട്ടൗട്ട്), വാൻ ലിങ്ഗെൻ (18) എന്നിവർ തിളങ്ങി. ട്രംപൽമൻ ആണു മാന്‍ ഓഫ് ദ മാച്ച്.