ലിവർപൂളിനു തകർപ്പൻ ജയം
Monday, November 22, 2021 12:54 AM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനു തകർപ്പൻ ജയം. മുന്നേറ്റനിരയിലെ മുഹമ്മദ് സല, സാദിയോ മാനെ, ഡിയേഗോ ജോട്ട എന്നിവർ ഗോൾ കണ്ടെത്തിയ മത്സരത്തിൽ ലിവർപൂൾ 4-0ന് ആഴ്സണലിനെ തകർത്തു. പകരക്കാരനായി ഇറങ്ങി 48 സെക്കൻഡിൽ ടാകുമി മിനാമിനോ ലിവർപൂളിന്റെ നാലാം ഗോൾ നേടി. 76-ാം മിനിറ്റിലാണു താരം, ജോട്ടയ്ക്കു പകരം കളത്തിലെത്തിയത്.
വാക്കേറ്റത്തിലേർപ്പെട്ട രണ്ടു ടീമിന്റെയും പരിശീലകരായ ലിവർപൂളിന്റെ യർഗൻ ക്ലോപ്പിനും ആഴ്സണലിന്റെ മൈക്കിൽ അർതേറ്റയ്ക്കും മഞ്ഞകാർഡ് ലഭിച്ചു. മാനെ ആഴ്സണൽ ഡിഫൻഡർ ടകെഹിരോ ടോമിയാസുവിനെ ഫൗൾ ചെയ്തുവെന്നാരോപിച്ചാണ് അർതേറ്റ ക്ഷുഭിതനായത്.
ജെറാർഡിനു വിജയത്തുടക്കം
ആസ്റ്റണ്‍ വില്ലയുടെ പരിശീലകനായുള്ള ആദ്യ മത്സരത്തിൽ സ്റ്റീവൻ ജെറാർഡിനു വിജയത്തുടക്കം. വില്ല 2-0ന് ബ്രൈറ്റനെ തോൽപ്പിച്ചു. വൂൾവർഹാംടണ്‍ 1-0ന വെസ്റ്റ് ഹാമിനെ തോൽപ്പിച്ചു. ജയത്തോടെ വൂൾവ്സ് ആറാം സ്ഥാനത്തെത്തി.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് എവര്‍ട്ടണെ തോല്‍പ്പിച്ചു. സിറ്റിക്കായി റഹീം സ്റ്റെര്‍ലിംഗ്, റോഡ്രി, ബര്‍ണാര്‍ഡോ സില്‍വ എന്നിവരാണ് ഗോള്‍ നേടിയത്. ജയത്തോടെ 26 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്തെത്തി. 25 പോയിന്റുമായി ലിവര്‍പൂൾ മൂന്നാം സ്ഥാനതാണ്. 29 പോയിന്റുള്ള ചെല്‍സിയാണ് ഒന്നാമത്.