അശ്വിന്റെ വാർണർ ഷോ
Sunday, May 22, 2022 2:24 AM IST
മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ആർ. അശ്വിന്റെ ബാറ്റിംഗാണു രാജസ്ഥാൻ റോയൽസിനു വിജയമൊരുക്കിയത്. സമ്മർദഘട്ടത്തിൽ 23 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സുമുൾപ്പെടെ പുറത്താകാതെ 40 റണ്‍സടിച്ച അശ്വിൻ മത്സരത്തിനിടെ നടത്തിയ ആഘോഷപ്രകടനമാണ് ഇപ്പോൾ ചർച്ചാവിഷയം.
ശ്രീലങ്കൻ പേസർ മഹീഷ് പതിരാന എറിഞ്ഞ അവസാന ഓവറിൽ, ജയിക്കാൻ അഞ്ചു പന്തിൽ ആറു റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറി നേടിയതിനു ശേഷമായിരുന്നു അശ്വിൻ ആഹ്ലാദസൂചകമായി നെഞ്ചിൽ പല തവണ ആഞ്ഞടിച്ചത്. തന്റെയുള്ളിലുള്ള ഡേവിഡ് വാർണറെയാണു പുറത്തുകൊണ്ടുവന്നതെന്നു മത്സരശേഷം അശ്വിൻ പ്രതികരിച്ചു.
കളിക്കുന്ന എല്ലാ ഫ്രാഞ്ചൈസികൾക്കുംവേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ആഗ്രഹം. അതു ബഹുമാനത്തിന്റെകൂടി കാര്യമാണ്. പ്ലേ ഓഫിൽ പ്രവേശിക്കാനായതിൽ സന്തോഷമുണ്ട്. ഉള്ളിലെ ഡേവിഡ് വാർണറെയാണു മത്സരത്തിനിടെ പുറത്തെടുത്തത്. 10 ലക്ഷം യുഎസ് ഡോളർ കൈയില്‍ കിട്ടിയതുപോലെയാണു തോന്നുന്നതെന്നും മത്സരശേഷം അശ്വിൻ പറഞ്ഞു.
ബാറ്റിംഗ് സംബന്ധിച്ചുള്ള സൂചനകൾ രാജസ്ഥാൻ അധികൃതർ ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപുതന്നെ നൽകിയിരുന്നു. കാര്യമായ മുന്നൊരുക്കങ്ങൾ ഞാൻ നടത്തിയിരുന്നു. എന്റെ ബാറ്റിംഗ് സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ടീം മാനേജ്മെന്റിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. ടീമിലെ എന്റെ റോൾ എന്താണെന്നു നന്നായി അറിയാം- അശ്വിൻ പറഞ്ഞു.