വീണ്ടും മങ്കാദിംഗ്...
Monday, September 26, 2022 12:43 AM IST
ലണ്ടൻ: ക്രിക്കറ്റ് ലോകത്ത് വീണ്ടും മങ്കാദിംഗ് വിവാദം. ഐസിസി അംഗീകരിച്ചതാണു മങ്കാദിംഗ് എങ്കിലും കളിയുടെ സ്പിരിറ്റിനെ ബാധിക്കുന്നു എന്ന പോയിന്റ് പിടിച്ചാണു മങ്കാദിംഗിന് എതിരേ വിമർശനമുയർന്നത്.
ഇന്ത്യൻ വനിതകളും ഇംഗ്ലണ്ട് വനിതകളും തമ്മിൽ നടന്ന മൂന്നാം ഏകദിന ക്രിക്കറ്റിനിടെയാണു മങ്കാദിംഗ് വീണ്ടും അരങ്ങേറിയത്. ഇംഗ്ലണ്ടിന്റെ ചാർലി ഡീനിനെ മങ്കാദിംഗിലൂടെ ഇന്ത്യൻ സ്പിന്നർ ദീപ്തി ശർമ റണ്ണൗട്ടാക്കുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യ 16 റണ്‍സ് ജയം നേടി. സ്കോർ: ഇന്ത്യ 45.4 ഓവറിൽ 169. ഇംഗ്ലണ്ട് 43.3 ഓവറിൽ 153. 80 പന്തിൽ 47 റണ്‍സ് നേടിയ ചാർലി ഡീൻ ഇംഗ്ലണ്ടിനെ ഏഴിന് 65 എന്ന നിലയിൽനിന്ന് ജയത്തിലേക്കു കൈപിടിക്കവെയായിരുന്നു ദീപ്തി ശർമയുടെ മങ്കാദിംഗ്.
ബൗൾ ചെയ്യാൻ എത്തുന്നതിനിടെ ചാർലി ഡീൻ നോൺ സ്ട്രൈക്കർ ക്രീസിൽനിന്ന് ഏറെ മുന്നിലായിരുന്നതോടെയാണ് മങ്കാദിംഗ് റണ്ണൗട്ട് ദീപ്തി നടത്തിയത്. പരന്പര ഇന്ത്യ 3-0ന് നേടി.
എല്ലാവർക്കും നന്ദി!
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസമായ ജൂലൻ ഗോസ്വാമിയുടെ അവസാന മത്സരമായിരുന്നു ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനം. മങ്കാദിംഗിലൂടെ വിവാദത്തിലായ മത്സരത്തിനുശേഷം ജൂലൻ ഗോസ്വാമി എല്ലാവർക്കും നന്ദിയറിയിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു. 20 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ഏകദിനത്തിൽ മാത്രമായി 10,005 പന്ത് ഗോസ്വാമി എറിഞ്ഞു.
ഏകദിനത്തിൽ 204 മത്സരങ്ങളിൽനിന്ന് 255 വിക്കറ്റും 12 ടെസ്റ്റിൽനിന്ന് 44 വിക്കറ്റും 68 ട്വന്റി-20യിൽനിന്ന് 56 വിക്കറ്റും ഗോസ്വാമി സ്വന്തമാക്കി.